കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യത്തിൽ പുറത്തിറക്കിയ നിർദ്ദേശങ്ങൾ ലംഘിച്ച് ഡ്രോൺ ഉപയോഗിച്ച് എയർ ഫോട്ടോഗ്രഫി നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.
ഇത് സംബന്ധിച്ച് നടന്ന മാധ്യമ ബ്രീഫിംഗിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജനറൽ നാസർ ബുസ്ലൈബ് വിവരങ്ങൾ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ ഡ്രോൺ ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും, ഇത് സുരക്ഷാ-സൈനിക പ്രവർത്തനങ്ങളെ ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ നിയമലംഘകരെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിരോധ സംവിധാനങ്ങളുടെ ഇടപെടലിനെ തുടർന്ന് പതിച്ച ഷ്രാപ്നലുകളുമായി ബന്ധപ്പെട്ട് ഇതുവരെ 606 റിപ്പോർട്ടുകൾ സ്ഫോടകവസ്തു നിർവീര്യമാക്കൽ സംഘങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ 7 റിപ്പോർട്ടുകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം ലൈസൻസില്ലാത്ത ആയുധങ്ങൾ, വെടിയുണ്ടകൾ, സ്ഫോടകവസ്തുക്കൾ എന്നിവ കൈമാറുന്നതിനുള്ള പ്രത്യേക സമയം ഇനി 3 ദിവസം മാത്രമേ ബാക്കിയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. ഈ അവസരം അവസാനിക്കുന്നതിന് മുമ്പ് എല്ലാവരും അതിന്റെ പ്രയോജനം നേടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
നിയമം കർശനമായി നടപ്പാക്കുമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
