കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ കരുത്തുറ്റതാക്കുന്നതിനും സൈനിക സന്നദ്ധത വർദ്ധിപ്പിക്കുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തിറങ്ങി.
ദേശീയ സുരക്ഷാ ആവശ്യങ്ങളും സാമൂഹിക നീതിയും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും നിലവിലെ നിയമങ്ങളിലെ പോരായ്മകൾ പരിഹരിക്കുന്നതിനുമായാണ് 2026-ലെ ഒമ്പതാം നമ്പർ നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഈ പുതിയ ഉത്തരവ് ഇന്നലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.ഇന്നു മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം, 18 വയസ്സ് തികയുന്ന ഓരോ കുവൈറ്റ് പൗരനും പ്രായപൂർത്തിയായി 180 ദിവസത്തിനുള്ളിൽ ദേശീയ സൈനിക സേവനത്തിനായുള്ള ബന്ധപ്പെട്ട അതോറിറ്റിക്ക് മുൻപാകെ ഹാജരാകേണ്ടത് നിർബന്ധമാണ്.
യുവാക്കളുടെ തൊഴിൽ മേഖലയിലും ഈ നിയമം നിർണ്ണായക സ്വാധീനം ചെലുത്തും. സർക്കാർ അല്ലെങ്കിൽ സ്വകാര്യ മേഖലകളിൽ ജോലിയിൽ പ്രവേശിക്കുന്നതിനും സ്വതന്ത്ര തൊഴിൽ ചെയ്യുന്നതിനുള്ള ലൈസൻസ് നേടുന്നതിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കപ്പെട്ട രേഖയോ അല്ലെങ്കിൽ സേവനം മാറ്റിവെച്ച ഔദ്യോഗിക പത്രമോ (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഹാജരാക്കേണ്ടതുണ്ട്. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് ജോലി നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.


