കുവൈറ്റ് സിറ്റി: കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ രാജ്യത്തെ ഭക്ഷണശാലകളിൽ പരിശോധന ഊർജ്ജിതമാക്കി. മുബാറക് അൽ കബീർ ഗവർണറേറ്റിലെ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ മാർച്ച് മാസത്തിൽ നടത്തിയ വ്യാപകമായ ഫീൽഡ് ടൂറുകളിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി.
ആകെ 379 സ്ഥാപനങ്ങളിലാണ് അതോറിറ്റിയുടെ ഇൻസ്പെക്ഷൻ ടീം പരിശോധന നടത്തിയത്. ഇതിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത 49 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. പരിശോധനയ്ക്കിടെ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത വലിയൊരു അളവ് മത്സ്യം പിടിച്ചെടുത്ത് ഉദ്യോഗസ്ഥർ നശിപ്പിച്ചു.
കൂടാതെ, പൊതുജനങ്ങളിൽ നിന്ന് ലഭിച്ച 5 പരാതികളിൽ അടിയന്തരമായി തീർപ്പുകല്പിക്കുകയും ചെയ്തു. വിപണിയിലെത്തുന്ന ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കാനുമാണ് ഇത്തരത്തിലുള്ള ഫീൽഡ് പരിശോധനകൾ തുടരുന്നതെന്ന് ഫുഡ് അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
