കുവൈറ്റ് സിറ്റി: അധിനിവേശത്തിന്റെ കറുത്ത ദിനങ്ങളെ അതിജീവിച്ച ഒരു കുവൈറ്റ് പൗരന് രാജ്യസ്നേഹത്തെക്കുറിച്ച് പറയാൻ മറ്റാരുടെയും സാക്ഷ്യപത്രങ്ങൾ ആവശ്യമില്ല. അത് കേട്ടറിവല്ല, മറിച്ച് തീക്ഷ്ണമായ അനുഭവമാണ്. ഇറാഖി അധിനിവേശത്തിന്റെ മുറിവുകളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ കുവൈറ്റ് ഇന്ന് കൂടുതൽ കരുത്തോടെ, കൂടുതൽ പ്രകാശത്തോടെ ലോകത്തിന് മുന്നിൽ നിൽക്കുന്നു. ആ പ്രകാശം അവിടുത്തെ ഭരണാധികാരികളുടെയും ജനങ്ങളുടെയും ആത്മവിശ്വാസത്തിൽ നിന്നുള്ളതാണ്.പിതാക്കന്മാരിൽ നിന്ന് കൈമാറിക്കിട്ടിയ ‘മാതൃഭൂമി’ എന്ന വാക്കിന്റെ പൊരുൾ ഓരോ കുവൈറ്റിയും ഹൃദയത്തോട് ചേർക്കുന്നു.
മുതിർന്നവരുടെ നെറ്റിയിൽ ആദരവോടെയും കുഞ്ഞുങ്ങളുടെ നെറ്റിയിൽ വാത്സല്യത്തോടെയും ചുംബിക്കാനല്ലാതെ മറ്റൊരു ശക്തിക്ക് മുന്നിലും ആ തലകൾ കുനിഞ്ഞിട്ടില്ല. ആ അഭിമാനം ഓരോ തലമുറയിലേക്കും ഒരു തുടർച്ചയായി പകർന്നുനൽകപ്പെടുന്നു.മേഖലയെ വിഴുങ്ങാൻ ശ്രമിച്ച വിദ്വേഷത്തിന്റെയും ഭിന്നതയുടെയും കെണികളെ ഐക്യത്തിന്റെ ദീപശിഖകൾ കൊണ്ട് പ്രതിരോധിച്ച 30 ദിവസങ്ങളുടെ ചരിത്രം ഈ മണ്ണ് ഓർമ്മിപ്പിക്കുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും വേണ്ടി കാഞ്ചി വലിക്കുന്ന കരങ്ങളെ നീതിബോധമുള്ള ലോകം എന്നും സ്നേഹത്തോടെയാണ് നോക്കിക്കാണുന്നത്.
“ഇത് കുവൈറ്റാണ്, ഈ അനുഗൃഹീത മണ്ണിൽ ഞങ്ങൾ നിലനിൽക്കും” എന്ന പ്രഖ്യാപനം മുത്തച്ഛനിൽ നിന്ന് പിതാവിലേക്കും പിതാവിൽ നിന്ന് മകനിലേക്കും ഒരു സന്ദേശമായി കൈമാറുന്നു. അധിനിവേശങ്ങൾ അവസാനിച്ചേക്കാം, പക്ഷേ വിശ്വസ്തരായ മക്കളുടെ രക്തം കൊണ്ട് എഴുതപ്പെട്ട കുവൈറ്റിന്റെ ചരിത്രത്തിലെ അധ്യായങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ആ പുസ്തകത്തിലെ മഷി ഉണങ്ങുകയുമില്ല. കാലത്തിന് മായ്ക്കാനാവാത്ത ആ അതിജീവനത്തിന്റെ കഥ വരുംതലമുറകൾക്കായി ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും.
