കുവൈറ്റ് സിറ്റി: അൽ മുത്വലയ്ക്ക് എതിർവശത്തുള്ള മരുഭൂമിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തമാശ ഗുരുതര പരിക്കിൽ കലാശിച്ചു. കുതിരസവാരി ചെയ്യുകയായിരുന്ന 15-കാരന്റെ കണ്ണിലേക്ക് 27-കാരൻ എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുലർച്ചെ നടന്ന സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയും മകന്റെ പരിക്കുകൾ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കുതിരസവാരി ചെയ്യുന്നതിനിടെ പ്രതി എയർഗൺ കുട്ടിയുടെ നേർക്ക് ചൂണ്ടി “ഞാൻ നിന്നെ വെടിവെക്കട്ടെ?” എന്ന് ചോദിക്കുകയായിരുന്നുവെന്ന് കുട്ടി മൊഴി നൽകി. “നിങ്ങൾ അങ്ങനെ ചെയ്യില്ല” എന്ന് കുട്ടി മറുപടി നൽകിയതിന് തൊട്ടുപിന്നാലെ പ്രതി വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട കുട്ടിയുടെ കണ്ണിലാണ് പതിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പബ്ലിക് പ്രൊസിക്യൂഷൻ, കേസിന്റെ സാഹചര്യം വ്യക്തമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് നിർദ്ദേശം നൽകി. കുട്ടിയുടെ പരിക്കിന്റെ തീവ്രത പരിശോധിക്കാൻ ഫോറൻസിക് മെഡിസിൻ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.



