കുവൈറ്റ് സിറ്റി: രാജ്യത്തെ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ തന്ത്രപ്രധാനമായ ശേഖരം പൂർണ്ണമായും സുരക്ഷിതമാണെന്നും വരും മാസങ്ങളിലേക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാണെന്നും കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. പ്രാദേശിക വിപണികളിൽ എല്ലാവിധ ഉൽപ്പന്നങ്ങളും ആവശ്യത്തിന് ലഭ്യമാണെന്നും സ്വദേശികൾക്കും പ്രവാസികൾക്കും ഒട്ടും കുറവില്ലാതെ സാധനങ്ങൾ ലഭിക്കുമെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിയും വിതരണവും തടസ്സമില്ലാതെ സാധാരണ നിലയിൽ തുടരുന്നു. വിതരണ ശൃംഖലയിൽ യാതൊരുവിധ കുറവുകളുമില്ല. പ്രാദേശികമോ ആഗോളമോ ആയ ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാക്കിയ അടിയന്തര പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും മില്ലിംഗ് കമ്പനികളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച് ശേഖരം വർദ്ധിപ്പിക്കാനും നടപടികൾ സ്വീകരിച്ചു. മന്ത്രാലയത്തിന്റെ പ്രത്യേക സംഘങ്ങൾ സ്വകാര്യ കമ്പനികളുടെ വെയർഹൗസുകളിൽ തുടർച്ചയായി പരിശോധന നടത്തി വരുന്നു. സ്റ്റോക്ക് ലെവലുകൾ ഉറപ്പുവരുത്തുന്നതിനും സാധനങ്ങളുടെ ഒഴുക്ക് സുഗമമാണെന്ന് പരിശോധിക്കുന്നതിനുമാണിത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കാബിനറ്റ് അംഗീകരിച്ച പദ്ധതികൾ മന്ത്രാലയം അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. അതിനാൽ സാധനങ്ങൾ പൂഴ്ത്തിവെക്കുന്നതിനെക്കുറിച്ചോ ദൗർലഭ്യത്തെക്കുറിച്ചോ ഉള്ള ആശങ്കകൾക്ക് സ്ഥാനമില്ലെന്ന് അധികൃതർ അറിയിച്ചു.


