കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാതിയും എംബസി ഉദ്യോഗസ്ഥരും ചേർന്ന് കുവൈത്തിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ ഭാരവാഹികളും സാമൂഹിക പ്രവർത്തകരുമായി ഏകദേശം നൂറോളം പേരുമായി ഓൺലൈൻ ചർച്ച നടത്തി. കുവൈത്തിലെ ഏറ്റവും പുതിയ സാഹചര്യങ്ങളെ കുറിച്ച് അംബാസഡർ പങ്കെടുത്തവരെ ബ്രീഫ് ചെയ്തു.
കുവൈത്തിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ഇന്ത്യൻ എംബസി പ്രതിബദ്ധമാണെന്ന് അവർ ആവർത്തിച്ചു. ആവശ്യക്കാർക്ക് പിന്തുണ നൽകുന്നതിനും ഉത്തരവാദിത്വപരമായ ഇടപെടലുകൾ വഴി സഹകരിക്കാൻ സമൂഹം കാണിച്ച താത്പര്യത്തെയും തയ്യാറെടുപ്പിനെയും അംബാസഡർ അഭിനന്ദിച്ചു.കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും നിലവിലെ സാഹചര്യങ്ങളിൽ ഏറെ നിർണായകമാണെന്നും, എല്ലാ ഇന്ത്യൻ പൗരന്മാരും എംബസിയുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.


