കുവൈറ്റ് സിറ്റി: മേഖലയിലെ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയം അതീവ ജാഗ്രത പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അടിയന്തര യോഗങ്ങളിൽ മന്ത്രാലയത്തിലെ പ്രധാന വകുപ്പുമേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണ സജ്ജമാണെന്നും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജമായ പ്രവർത്തന പദ്ധതികൾ അവലോകനം ചെയ്തതായും മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ-സനദ് അറിയിച്ചു. ജീവൻരക്ഷാ മരുന്നുകൾ, മറ്റ് അത്യാവശ്യ മെഡിക്കൽ സാമഗ്രികൾ, ഉപകരണങ്ങൾ എന്നിവയുടെ തന്ത്രപ്രധാനമായ ശേഖരം ശക്തമാക്കാനും സപ്ലൈ ചെയിൻ സുഗമമാണെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകി.
എല്ലാ ജനറൽ ആശുപത്രികളിലും സ്പെഷ്യലൈസ്ഡ് സെന്ററുകളിലും തടസ്സമില്ലാത്ത ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു.ഐസിയു, എമർജൻസി ഡിപ്പാർട്ട്മെന്റുകൾ എന്നിവയെ ഏത് അടിയന്തര സാഹചര്യവും നേരിടാൻ പ്രാപ്തമായ രീതിയിൽ സജ്ജമാക്കിയിട്ടുണ്ട്. ദ്രുത പ്രതികരണത്തിനുള്ള മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാൻ മെഡിക്കൽ, ടെക്നിക്കൽ സ്റ്റാഫുകൾക്ക് പ്രത്യേക നിർദ്ദേശം നൽകി. ദേശീയ ആരോഗ്യ സംവിധാനത്തിന് മുൻപുള്ള അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിൽ, മുൻകൂട്ടി തയ്യാറാക്കിയ വ്യക്തമായ പ്ലാനുകൾ അനുസരിച്ചാണ് നിലവിൽ മന്ത്രാലയം പ്രവർത്തിക്കുന്നതെന്നും ഡോ. അൽ-സനദ് വ്യക്തമാക്കി.


