കുവൈറ്റ് സിറ്റി: അബു ഹലീഫയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണ് ഇന്ത്യൻ പ്രവാസി മരിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സുരക്ഷാ അധികൃതർ വ്യക്തമാക്കി.
അപകടത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചിരുന്നു. വലിയൊരു ശബ്ദം കേട്ട് മുറിക്ക് പുറത്തിറങ്ങി നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അവസ്ഥയിൽ യുവാവിനെ കണ്ടതെന്ന് കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ അന്വേഷണ സംഘത്തോട് പറഞ്ഞു.1999-ൽ ജനിച്ച ഇന്ത്യൻ പൗരനാണ് മരിച്ചത്. മൃതദേഹം തുടർന്നുള്ള ഫോറൻസിക് പരിശോധനകൾക്കായി മാറ്റി. യുവാവ് കുറച്ചുനാളുകളായി കടുത്ത മാനസിക പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായി കൂടെ താമസിച്ചിരുന്നവർ അധികൃതർക്ക് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ മറ്റ് ദുരൂഹതകൾ ഉണ്ടോ എന്നും അപകടത്തിന്റെ യഥാർത്ഥ കാരണമെന്താണെന്നും കണ്ടെത്താൻ അബു ഹലീഫ പോലീസ് സ്റ്റേഷൻ അന്വേഷണ ഉദ്യോഗസ്ഥർ ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ, ഫിർദൗസ് മേഖലയിൽ വെച്ച് അജ്ഞാതനായ വ്യക്തിയുടെ ആക്രമണത്തിന് ഇരയായതായി ഒരാൾ പരാതി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പബ്ലിക് പ്രൊസിക്യൂഷൻ, അക്രമിയെ തിരിച്ചറിയാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് നിർദ്ദേശം നൽകി.



