കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ മലയാളി സമൂഹവുമായി സഹകരിച്ച് സെപ്റ്റംബർ 11ന് എംബസി അങ്കണത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും പരിചയപ്പെടുത്തുന്ന വിവിധ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹാബലിയും പരമ്പരാഗത കേരളീയ വേഷമണിഞ്ഞവരും പങ്കെടുത്ത ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് എംബസി ഓഡിറ്റോറിയത്തിൽ ഇന്ത്യൻ സമൂഹാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ-സാംസ്കാരിക പരിപാടികളും നടന്നു.ആഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരവും പായസം തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചു.
മത്സരങ്ങളിൽ മലയാളി സമൂഹാംഗങ്ങൾ ആവേശപൂർവം പങ്കെടുത്തു. വിജയികൾക്ക് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പാരമിത ത്രിപാഠി സമ്മാനങ്ങൾ വിതരണം ചെയ്തു. കേരളത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടാൻ മലയാളി സമൂഹം നടത്തുന്ന പ്രവർത്തനങ്ങളെ അംബാസഡർ അഭിനന്ദിച്ചു.സാരഥി കുവൈത്ത്, നായർ സർവീസ് സൊസൈറ്റി, ഭാരതീയ പ്രവാസി പരിഷദ് കുവൈത്ത്, സേവാദർശൻ എന്നീ മലയാളി സംഘടനകൾ ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.



