കുവൈത്ത് സിറ്റി: പബ്ലിക് വർക്ക്സ് മന്ത്രാലയവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റും സംയുക്തമായി ജാബേർ അൽ അഹ്മദ് ഏരിയയിലെ റോഡ് 85 ഗതാഗതത്തിനായി തുറന്നുനൽകി. സ്ട്രീറ്റ് 107-ന്റെ പ്രവേശന കവാടം മുതൽ അബ്ദുൽ-ഇലാഹ് അൽ-ഖനൈസി തെരുവിന്റെ ജംഗ്ഷൻ വരെയുള്ള ഭാഗമാണ് നാളെ പുലർച്ചെ മുതൽ തുറക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട്, സിവിൽ അറ്റകുറ്റപ്പണികളും ടാറിങ് ജോലികളും നടത്തുന്നതിനായി അൽ-സിദ്ദീഖ് മേഖലയിലെ 102, 103 തെരുവുകളിൽ നാളെ മുതൽ സെപ്റ്റംബർ 27 ഞായറാഴ്ച വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പണികൾ നടക്കുന്ന റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും നിർമാണ സ്ഥലത്തേക്ക് വെള്ളം ചോർന്നുപോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർത്ഥിച്ചു.



