പ്രമേഹരോഗികള്‍ക്ക് ഓറഞ്ച് ജ്യൂസ് കുടിക്കാമോ?

  • 15/09/2023



ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാം, മധുരം കഴിക്കാമോ, തുടങ്ങി നിരവധി സംശയങ്ങളാണ് പ്രമേഹ രോഗികള്‍ക്കുള്ളത്. അക്കൂട്ടത്തില്‍ ഉയരുന്ന ചോദ്യമാണ് പ്രമേഹരോഗികള്‍ക്ക് ഓറഞ്ച് ജ്യൂസ് കുടിക്കാമോ എന്നത്.

ശരിക്കും പറഞ്ഞാല്‍ പ്രമേഹരോഗികള്‍ ഓറഞ്ച് ജ്യൂസിന് പകരം ഓറഞ്ച് പഴമായി കഴിക്കുന്നതാണ് നല്ലത്. കാരണം. ഓറഞ്ച് ജ്യൂസായി തയ്യാറാക്കുമ്പോള്‍ ഓറഞ്ചിലെ ഫൈബര്‍ നഷ്ടപ്പെടും. കൂടാതെ ഓറഞ്ച് ജ്യൂസിന്‍റെ ഗ്ലൈസെമിക് സൂചികയും കൂടുതലാണ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. 

പകരം ഓറഞ്ച് പഴമായി കഴിക്കാം. സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും കൂടി സ്രോതസാണ്. ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഓറഞ്ച് പ്രമേഹരോഗികള്‍ക്ക് കഴിക്കാം. അതുപോലെ തന്നെ, ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. മിതമായ അളവില്‍ മാത്രം പ്രമേഹ രോഗികള്‍ ഓറഞ്ച് കഴിക്കുക. 

നാരുകളാൽ സമ്പുഷ്ടമായതുകൊണ്ട് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഓറഞ്ചിന് സാധിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഓറഞ്ച് ഉത്തമമാണ്. ഓറഞ്ചിലുള്ള ഫൈബറുകൾ അൾസറും മലബന്ധവും തടയുന്നു. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇവ ആരോഗ്യത്തിനും ഉത്തമമാണ്.

Related Articles