ഫ്‌ളൈറ്റ് മോഡ് വിമാനയാത്രയ്ക്ക് മാത്രമല്ല; അല്ലാതെയും ഉപയോഗങ്ങളുണ്ട്

  • 09/10/2025

ഫ്‌ളൈറ്റ് മോഡ്, വിമാനയാത്ര ചെയ്യുമ്പോള്‍ മാത്രം ഉപയോഗിക്കാറുള്ള ഒരു ഫീച്ചറാണ്. മൊബൈല്‍ ഫോണുകളുടെ റേഡിയോ സിഗ്നല്‍ എയര്‍ക്രാഫ്റ്റിന്റെ നാവിഗേഷന്‍ സംവിധാനത്തെ താറുമാറാക്കാതെ ഇരിക്കുന്നതിന് വേണ്ടിയാണ് വിമാനയാത്രയില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാറുള്ളത്. ഈ ഫീച്ചര്‍ ഓണാക്കുന്നതോടെ ഡിവൈസുമായി ബന്ധപ്പെട്ട എല്ലാ വയര്‍ലെസ്സ് നെറ്റ്വര്‍ക്കുകളും പ്രവര്‍ത്തനരഹിതമാകും. ഫ്‌ളൈറ്റ് മോഡുകൊണ്ട് വേറെയും ചില ഉപകാരങ്ങളുണ്ട്. അതെന്താണെന്ന് നോക്കാം.


മോശം നെറ്റ്വര്‍ക്ക് കവറേജ് ഉള്ള പ്രദേശങ്ങളാണെങ്കില്‍ നിങ്ങളുടെ ഫോണ്‍ സിഗ്നല്‍ തിരഞ്ഞുകൊണ്ടേയിരിക്കും. ഇത് ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരാന്‍ കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ ഫ്‌ളൈറ്റ് മോഡില്‍ ഇടുകയാണെങ്കില്‍ ചാര്‍ജ് വളരെ നേരം നില്‍ക്കും

ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സമയത്ത് ഫ്‌ളൈറ്റ് മോഡില്‍ ഇടുകയാണെങ്കില്‍ വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമത്രേ. കാരണം ആ സമയത്ത് നെറ്റ്വര്‍ക്കിലേക്ക് കണക്ട് ആകുന്നതിന് വേണ്ടി ഡിവൈസ് ശ്രമിക്കില്ല. 20-25 ശതമാനം വരെ ചാര്‍ജിങ് വേഗത വര്‍ധിക്കും എന്നാണ് ടെക്‌നീഷ്യന്‍മാര്‍ പറയുന്നത്.

കുട്ടികള്‍ക്ക് ഗെയിം കളിക്കുന്നതിനോ വീഡിയോ കാണുന്നതിനോ ഫോണ്‍ നല്‍കുന്നുണ്ടെങ്കില്‍ ഫ്‌ളൈറ്റ് മോഡ് ഓണ്‍ ചെയ്ത് ഇടണം. അനാവശ്യമായ ഇന്റര്‍നെറ്റ് ആക്‌സസ് ഉണ്ടാകില്ല. കോളോ, മെസേജോ അബദ്ധവശാല്‍ മറ്റൊരാള്‍ക്ക് പോവുകയുമില്ല.

സിഗ്നല്‍ ലഭിച്ചില്ലെങ്കില്‍ ഫോണ്‍ പെട്ടെന്ന് ചൂടാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ഫ്‌ളൈറ്റ് മോഡ് ഓണ്‍ ചെയ്ത് ഇടുകയാണെങ്കില്‍ ഈ ആക്ടിവിറ്റി നിലയ്ക്കും. സ്വാഭാവികമായും ഫോണ്‍ ചൂടാകാതെ സംരക്ഷിക്കും.

പഠിക്കുന്ന സമയത്തോ, ജോലി സമയത്തോ, ശ്രദ്ധ തെറ്റി ഫോണ്‍ കയ്യിലെടുക്കാതെ ഇരിക്കാനും ഇതൊരു മികച്ച മാര്‍ഗമാണ്. കോളുകളും മെസേജുകളും മറ്റു നോട്ടിഫിക്കേഷനുകളും നിങ്ങളുടെ ശ്രദ്ധ തിരിക്കില്ല.

Related Articles