പ്രൈവസിയില്‍ കുടുങ്ങി വാട്‌സ്ആപ്പ്; മുന്നോട്ട് കുതിച്ച് സിഗ്നല്‍

  • 11/01/2021





ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന, അല്ല... ഉപയോഗിച്ചിരുന്ന ചാറ്റിങ് ആപ്പ് ആണ് വാട്‌സ്ആപ്പ്. ആഗോളതലത്തില്‍ രണ്ട് ബില്ല്യണ്‍ സജീവ ഉപയോക്താക്കളുള്ള ആപ്പ് ഇപ്പോള്‍ പ്രൈവസി പരിഷ്‌കാരത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഈ അവസരത്തില്‍ വാട്‌സ്ആപ്പിന് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ നല്‍കിയ സിഗ്നല്‍ കമ്പനി മുന്നേറുകയാണ്.വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്‌നല്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കൂ എന്ന വ്യവസായി എലോണ്‍ മസ്‌കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നല്‍ ആപ്പ് ഡൗണ്‍ലോഡുകളുടെയും അതില്‍ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 

കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്‌നല്‍ ഫൗണ്ടേഷന്‍, സിഗ്‌നല്‍ മെസഞ്ചര്‍ എല്‍എല്‍സി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനമാണ് സിഗ്‌നല്‍. 2014 ലാണ് സിഗ്‌നല്‍ പ്രവര്‍ത്തനമാരംഭിച്ചത്.
വാട്സാപ്പിന്റെ സഹ സ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടന്‍, മോക്സി മര്‍ലിന്‍സ്പൈക്ക് എന്നിവര്‍ ചേര്‍ന്നാണ് സിഗ്‌നലിന് വേണ്ടി സിഗ്‌നല്‍ ഫൗണ്ടേഷന്‍ എന്നൊരു ലാഭേതര സംഘടനയ്ക്ക് തുടക്കമിട്ടത്. വാട്സാപ്പ്, ടെലഗ്രാം പോലെ ഇന്റര്‍നെറ്റ് വഴി രണ്ട് വ്യക്തികള്‍ തമ്മിലും വ്യക്തിയും ഗ്രൂപ്പുകള്‍ തമ്മിലും ആശയവിനിമയം നടത്താന്‍ ഈ ആപ്പിലൂടെ സാധിക്കും. വോയ്സ് കോള്‍, വീഡിയോ കോള്‍ സൗകര്യങ്ങളും ഇതിലുണ്ട്.  ആന്‍ഡ്രോയിഡ്, ഐഓഎസ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഇത് ലഭ്യമാണ്. 

വാട്സാപ്പിലെ പോലെ തന്നെ ടെക്സ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഫയലുകള്‍, ജിഫുകള്‍ പോലുള്ളവ കൈമാറാനുള്ള സൗകര്യം സിഗ്‌നലിലും ഉണ്ട്.  

ഇത് കൂടാതെ ഫോണിലെ ഡിഫോള്‍ട്ട് എസ്എംഎസ് എംഎംഎസ് ആപ്ലിക്കേഷനായും സിഗ്നലിനെ ഉപയോഗിക്കാം. ഇതുവഴി എസ്എംഎസ് സന്ദേശങ്ങളും എന്‍ക്രിപ്റ്റഡ് ആയി അയ്ക്കാനാവും. അതിന് മറുഭാഗത്തുള്ളവരും സിഗ്‌നല്‍ എസ്എംഎസുകള്‍ക്ക് വേണ്ടി ഉപയോഗിക്കണം എന്നുമാത്രം. മൊബൈല്‍ നമ്പര്‍ മാത്രമല്ല, ലാന്റ് ലൈന്‍ നമ്പര്‍, വോയ്സ് ഓവര്‍ ഐപി നമ്പറുകള്‍ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാന്‍ സിഗ്നലില്‍ സാധിക്കും. ഒരു നമ്പര്‍ ഉപയോഗിച്ച് ഒരു ഫോണില്‍ മാത്രമാണ് ലോഗിന്‍ ചെയ്യാന്‍ സാധിക്കുക. ബംഗ്ലാ, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഉക്രേനിയന്‍, ഉറുദു, വിയറ്റ്‌നാമീസ് ഭാഷകള്‍ സിഗ്നലില്‍ ഇപ്പോള്‍ ലഭ്യമാണ്.

പ്രത്യേകതകള്‍

മറ്റ് സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗജന്യമായ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സിഗ്‌നല്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതാണ് സിഗ്നല്‍ ആപ്പിന് മേല്‍ ഉപയോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നത്. ആപ്പിന്റെ ഓപ്പണ്‍സോഴ്സ് കോഡ് ആര്‍ക്കും പരിശോധിക്കാവുന്നതാണ്.

ഉപഭോക്താവിന്റെ സ്വകാര്യത നിലനിര്‍ത്താനായി സിഗ്നലിന് ലോക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അണ്‍ലോക്കായ ഫോണ്‍ മറ്റൊരാളുടെ കയ്യില്‍ ആയാലും ആശങ്ക വേണ്ട. സിഗ്‌നല്‍ ആപ്പ് തുറക്കണമെങ്കില്‍ പിന്‍ കോഡും ബയോമെട്രിക് ലോക്കും നിര്‍ബന്ധമാണ്. സെറ്റിങ്‌സിലെ പ്രൈവസിയില്‍ ടോഗിള്‍ സ്‌ക്രീന്‍ ലോക്ക് ഓണ്‍ എന്ന ഓപ്ഷനിലൂടെയാണ് സ്‌ക്രീന്‍ ലോക്ക് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്.

വാട്‌സ്ആപ്പില്‍ അനാവശ്യമായ മെസേജുകള്‍ കുമിഞ്ഞുകൂടുന്നത് പതിവാണ്. എന്നാല്‍ ഇങ്ങനെയുള്ള പ്രശ്‌നത്തിന് സിഗ്നല്‍ ആപ്പില്‍ പരിഹാരം ഉണ്ട്.ജോയിന്‍ഡ് നോട്ടിഫിക്കേഷനുകള്‍ ഓഫാക്കുകയെന്നതാണ് സിഗ്‌നല്‍ മുന്നോട്ടുവയ്ക്കുന്നത്. സെറ്റിങ്‌സിലെ നോട്ടിഫിക്കേഷനില്‍ ടോഗിള്‍ കോണ്‍ടാക്ട് ജോയിന്‍ഡ് സിഗ്നല്‍ ഓഫ് എന്ന ഓപ്ഷന്‍ അവതരിപ്പിച്ചിട്ടുണ്ട്.

മുഖം ബ്ലര്‍ ചെയ്യാനുളള ഓപ്ഷനാണ് സിഗ്നല്‍ ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. ഫോട്ടോസ് അയക്കാനുളള ഓപ്ഷനോടൊപ്പം തന്നെ ബ്ലര്‍ ചെയ്യാനുളള സംവിധാനവും ആപ്പിലുണ്ട്. രഹസ്യ രേഖകള്‍ സുരക്ഷിതമായി കൈമാറാമെന്നാണ് സിഗ്നല്‍ ഇതുവഴി നല്‍കുന്ന പ്രതീക്ഷ. ചിത്രമയക്കുമ്പോള്‍ വരുന്ന ടോഗിള്‍ ബ്ലര്‍ ഫേസസ് എന്ന ഓപ്ഷനാണ് ഇതിനു സഹായിക്കുന്നത്.

നാലാമതായി സെന്റ് ഡിസെപ്പിയറിങ് മെസേജസ് എന്ന സംവിധാനമാണ്. ഇത് വാട്‌സാപ്പ് അവതരിപ്പിക്കുന്നതിലും മുന്നമേ സിഗ്‌നലിലുളള സൗകര്യമാണ്. വായിക്കപ്പെടാത്ത മെസേജുകള്‍ നിശ്ചിത കാലയളവിനു ശേഷം തനിയെ അപ്രത്യക്ഷമാകുന്നു. ടോഗിള്‍ ഡിസെപ്പിയറിങ് മെസേജസെന്ന ഓപ്ഷനാണ് ഈ സംവിധാനത്തെ ഉപയോഗപ്പടുത്തുന്നത്. ആവശ്യമെങ്കില്‍ സമയം നിശ്ചയിക്കാനുളള ഓപ്ഷനും സിഗ്നലിലുണ്ട്.

അഞ്ചാമതായി എത്ര നേരം ഒരു അറ്റാച്ച്‌മെന്റ് കാണാമെന്ന സവിശേഷതയാണ്. അയക്കുന്ന വീഡിയോകളും സംഭാഷണങ്ങളല്ലാതെയുളള കാര്യങ്ങളും ദിവസങ്ങള്‍ കഴിഞ്ഞോ മാസങ്ങള്‍ കഴിഞ്ഞോ എപ്പോള്‍ വേണമെങ്കിലും സ്വീകര്‍ത്താവിന് കാണാം എന്നാല്‍ ഒരിക്കല്‍ മാത്രമേ കാണാനാകൂ. കണ്ടുകഴിഞ്ഞാല്‍ അവ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഈ ഓപ്ഷന്റെ പ്രത്യേകത.

Related Articles