തരംഗമായി ത്രെഡ്‌സ്: ട്വിറ്ററിന്‍റെ എതിരാളിയാകുമോ?

  • 06/07/2023



സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിന്‍റെ എതിരാളി അവതരിച്ചു. മെറ്റ അവതരിപ്പിക്കുന്ന ത്രെഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഗംഭീരമായ വരവാണ് സോഷ്യല്‍ മീഡിയയില്‍ നടത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് ആപ്പ് പ്രവര്‍‌ത്തിക്കുന്നത്. ട്വിറ്റര്‍ മാതൃകയില്‍ ടെക്സ്റ്റ് ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ ആപ്പിനെ മെറ്റ പരിചയപ്പെടുത്തുന്നത്. ട്വിറ്ററിന് സമാനമായ യൂസര്‍ ഇന്‍റര്‍ഫേസാണ് ത്രെഡ്‌സിനുള്ളത്.

ഏറ്റവും രസകരമായ കാര്യം ത്രെഡ്‌സ് അവതരിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അത് ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയി എന്നതാണ്. അടുത്തിടെയായി ജനപ്രിയ പ്ലാറ്റ്ഫോം ആയ ട്വിറ്റര്‍ വലിയ പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. 

പോസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയതും പണമിടാക്കി തുടങ്ങിയതുമൊക്കെ വിമർശനങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റേയും ജനപ്രീതി ത്രെഡ്‌സ് ഗുണം ചെയ്തുവെന്നും അത് പ്രത്യക്ഷത്തില്‍ ഇലോണ്‍ മസ്കിന്‍റെ ട്വിറ്ററിന് തിരിച്ചടിയാണെന്നും ടെക് ലോകം വിലയിരുത്തുന്നു. 

എന്നാല്‍‌ ത്രെഡ്സിന്‍റെ ഭാവി സംബന്ധിച്ച് ആശങ്കയുള്ളവരും ഉണ്ട്. നിലവില്‍ ഫേസ്ബുക്ക് അക്കൌണ്ടോ, ഇന്‍സ്റ്റ അക്കൌണ്ടോ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ ത്രെഡ്സില്‍ അക്കൌണ്ട് ആരംഭിക്കാം. അതിനാല്‍ തന്നെ തുടക്കത്തില്‍ യൂസര്‍മാരെ ലഭിക്കാനുള്ള പ്രതിസന്ധിയൊന്നും മെറ്റയുടെ കീഴിലെ ഈ പുതിയ പ്രൊഡക്ടിന് ഉണ്ടാകില്ല. എന്നാല്‍ ഭാവിയില്‍ ക്ലബ് ഹൌസ് പോലുള്ള പ്ലാറ്റ്ഫോമിലേക്ക് ഉണ്ടായ വലിയ കുത്തിയൊഴുക്കുപോലെ ആകുമോ ത്രെഡ്‌സിന്‍റെ അവസ്ഥയും എന്ന് സംശയിക്കുന്നവരുണ്ട്.

Related Articles