സ്കൂൾ കാന്റീനുകളുടെ ചുമതല സഹകരണ സംഘങ്ങൾക്ക് കൈമാറാൻ ശുപാർശ; പുതിയ പരിഷ്കാരം 2026 മുതൽ

  • 18/12/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂൾ കാന്റീനുകളുടെ നടത്തിപ്പും മേൽനോട്ടവും സഹകരണ സംഘങ്ങളെ ഏൽപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ശുപാർശ നൽകി. 2026-2027 അധ്യയന വർഷം മുതൽ ഈ പുതിയ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. സാമൂഹ്യക്ഷേമ മന്ത്രാലയത്തിലെ ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും ആസൂത്രണ വിഭാഗം ഡയറക്ടറുമായ ഡോ. സയ്യിദ് ഈസയാണ് ഈ സുപ്രധാന വിവരം വെളിപ്പെടുത്തിയത്. ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ യൂണിയൻ ആസ്ഥാനത്ത് വിവിധ സൊസൈറ്റി തലവൻമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ ഈ നിർദ്ദേശം സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. സഹകരണ സംഘങ്ങളുടെ യൂണിയനുമായും വിവിധ സൊസൈറ്റികളുമായും ഏകോപിപ്പിച്ചു കൊണ്ടുള്ള വിശദമായ പഠനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ഈ പദ്ധതിയുടെ പ്രായോഗിക വശങ്ങളെക്കുറിച്ച് വിവിധ സഹകരണ സംഘങ്ങളിൽ നിന്ന് മന്ത്രാലയം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയിട്ടുണ്ട്. ഇവ ക്രോഡീകരിച്ച ശേഷമായിരിക്കും പദ്ധതിയുടെ അന്തിമരൂപം തയ്യാറാക്കുക. സ്കൂൾ കുട്ടികൾക്ക് ഗുണമേന്മയുള്ള ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രാദേശിക സഹകരണ സംഘങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related News