കുവൈത്തിൽനിന്നും നാട്ടിലെത്തിയ പ്രവാസി യുവാവിനെ ഭാര്യപിതാവ് കുത്തിക്കൊന്നു.

  • 20/09/2020

കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും കഴിഞ്ഞ മാസം 27ന് നാട്ടിലെത്തി 14 ദിവസത്തെ ക്വാറന്റൈൻ  കഴിഞ്ഞു ഭാര്യ വീട്ടിൽ എത്തിയ പ്രവാസി യുവാവിനെ ഭാര്യപിതാവ് കുത്തിക്കൊന്നു. കഴിഞ്ഞ മാസം അവസാനമാണ് വെട്ടുകാട് സ്വദേശി ലിജിൻ ലോറൻസ് നാട്ടിലെത്തിയത് , തുടർന്ന് ക്വാറന്റൈൻ പൂർത്തിയാക്കിയതിനു ശേഷം ഭാര്യയേയും മക്കളെയും കാണാനെത്തിയ ലിജിനെ ഭാര്യ പിതാവ് തിരുവനന്തപുരം കൊച്ചുവേളി സ്വദേശിയായ നിക്കോളാസ് തടയുകയും തുടർന്നുള്ള വാക്കേറ്റത്തിൽ നിക്കോളാസ് ലിജിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.  

കുവൈത്തിൽ ഒരു ലോജിസ്റ്റിക് കമ്പനിയിലായിരുന്നു  ലിജിൻ ജോലി ചെയ്തിരുന്നത്, ഒരുമിച്ചു താമസിച്ചിരുന്ന ഭാര്യയും കുട്ടികളും രണ്ടു വര്ഷം മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവർ തമ്മിൽ ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും, കുടുംബവഴക്കിനേ തുടര്‍ന്ന് ലിജിന്റെ ഭാര്യയും മക്കളും ഏതാനും മാസങ്ങളായി നിക്കോളാസിന്റെ വീട്ടിലേക്കു താമസം മാറ്റിയിരുന്നു. കുട്ടികൾക്കായി കുവൈത്തിൽനിന്നും  നിരവധി സമ്മാനങ്ങളുമായി വെള്ളിയാഴ്ച രാത്രി 9 മണിയോടെ ഭാര്യവീട്ടിലെത്തിയ ലിജിനെ ഭാര്യ പിതാവ് തടയുകയും തുടർന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്‌തു, തര്‍ക്കം മൂത്ത് കയ്യേറ്റമായി, ഇതിനിടെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് നിക്കോളാസ് ലിജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മൂന്ന് കുത്തുകള്‍ ലിജിനേറ്റു, കുത്തേറ്റുവീണ  ലിജിന്‍ ആശുപത്രിയിലെത്തും മുന്‍പ് മരണപ്പെട്ടു. വൈകിട്ടോടെ നിക്കോളാസിനെ പോലീസ് വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തു. 

Related News