എത്യോപ്യ അഗ്നിപർവത സ്‌ഫോടനം; 'ചാര' മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നു

  • 25/11/2025

ന്യൂഡൽഹി: എത്യോപ്യയിലെ ഹയ്‌ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഇന്ത്യയിലെത്തിയ പുക പടലങ്ങൾ ഇന്ന് രാത്രി ഏഴരയോടെ ചൈനയിലേക്ക് നീങ്ങുമെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം പുകപടലങ്ങൾ ഇന്ത്യയുടെ പടിഞ്ഞാറും വടക്കുമുള്ള പ്രദേശങ്ങളിലെത്താനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


25000 മുതൽ 45,000 അടി മുകളിലായാണ് ഈ പുക നിലനിൽക്കുന്നത്. അതിനാൽ ഡൽഹിയിലെ മലിനീകരണ നിലയെ ഇത് ബാധിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. പുകയുടെ സാന്നിധ്യം ഗുജറാത്ത്, ഡൽഹി എൻസിആർ, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. എത്യോപ്യയിലെ അഫാർ പ്രദേശത്ത് നടന്ന അഗ്നിപർവത സ്‌ഫോടത്തിന് പിന്നാലെ ചെങ്കടല് കടന്ന പുകപടലങ്ങൾ അറേബ്യൻ പെനിൻസുലയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും വ്യാപിക്കുകയാണ് ഉണ്ടായത്.

സ്ഫോടനത്തിന് പിന്നാലെ ഉയർന്ന് പൊങ്ങിയ പൊടിപടലങ്ങൾ സഞ്ചരിച്ചത് ആകാശത്ത് ഒമ്പത് മൈലോളം ഉയരത്തിലാണ്(14 കിലാമീറ്റർ). എറിട്രിയൻ അതിർത്തിയ്ക്ക് സമീപമുള്ള അഡിസ് അബാബയുടെ വടക്ക് കിഴക്കൻ ഭാഗത്ത് നിന്നും 800 കിലോമീറ്റർ അകലെയാണ് അഗ്നിപർവതം സ്ഥിതി ചെയ്യുന്ന എത്യോപ്യയിലെ അഫാർ പ്രദേശം. നിലവിൽ ഇന്ത്യയിലെത്തിയ പുകപടലങ്ങൾ ഒമാൻ - അറബിക്കടൽ പ്രദേശം മുതൽ ഉത്തര - മധ്യ ഇന്ത്യൻ പ്രദേശങ്ങളിൽ വ്യാപിച്ച് കിടക്കുകയാണ്. സൾഫർ ഡയോക്‌സൈഡ് നിറഞ്ഞ പുക ഇന്ത്യൻ നഗരങ്ങളിലെ വായുഗുണനിലവാരത്തെ ബാധിക്കില്ലെന്നാണ് പറയപ്പെടുന്നത്. അതേസമയം ഹിമാലയത്തിലെ സൾഫർ ഡയോക്‌സൈഡ് അളവിനെയും അതിനൊപ്പമുള്ള യുപിയിലെ ടെറായി ബെൽറ്റിനെയും പുക ബാധിക്കുമെന്നുമാണ് നിഗമനം.

Related News