രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും

  • 03/12/2025

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വീണ്ടും വാദം കേള്‍ക്കും. രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തിരുവനന്തപുരം ജില്ല സെഷന്‍സ് വാദം കേട്ടെങ്കിലും ചില ഡിജിറ്റല്‍ രേഖകള്‍ പ്രോസിക്യൂഷന്‍ ഇന്ന് ഹാജരാക്കത്തതിനെ തുടര്‍ന്നാണ് നാളെയും വാദം തുടരുന്നത്. ബലാത്സംഗം, നിര്‍ബന്ധിച്ചുള്ള ഗര്‍ഭച്ഛിദ്രം എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകളാണ് പ്രോസിക്യൂഷന്‍ നാളെ കോടതിയില്‍ ഹാജരാക്കുക. ജസ്റ്റിസ് നസീറ.എസ്. ആണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം, വിധി പറയും വരെ അറസ്റ്റ് പാടില്ലെന്ന് രാഹുലിന്‍റെ വാദം കോടതി അംഗികരിച്ചിട്ടില്ല.


ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്ന രാഹുലിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം കോടതി അംഗീകരിച്ചിരുന്നു. തുടര്‍ന്ന് അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. രാഹുലിൻ്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ അതിശക്തമായി എതിര്‍ത്തു. ഒന്നിലധികം പീഡനപരാതികള്‍ രാഹുലിനെതിരെയുണ്ടെന്നും പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ ഇരകളെയും സാക്ഷികളെയും സ്വാധീനിക്കാന്‍ വലിയ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

Related News