ജോലി ഉപേക്ഷിച്ച്‌ മടങ്ങിയത് പലവട്ടം; കമ്ബനി ഉടമയുടെ വിളിയില്‍ വീണ്ടും കുവൈത്തിലേക്ക്, ആഗ്രഹം ബാക്കിയാക്കി മുരളീധരൻ മടങ്ങി

  • 14/06/2024

പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടില്‍ വിശ്രമ ജീവിതം നയിക്കണമെന്നാണ് മുരളീധരൻ ആഗ്രഹിച്ചത്. ജോലി ഉപേക്ഷിച്ച്‌ അദ്ദേഹം പലവട്ടം മടങ്ങിയതുമാണ്. എന്നാല്‍ കമ്ബനി ഉടമയുടെ സ്നേഹപൂർ‍വമായ വിളികള്‍ അദ്ദേഹത്തെ കുവൈത്തിലേക്ക് തിരിച്ചെത്തിച്ചു. അവസാനം നാട്ടില്‍ വിശ്രമജീവിതം നയിക്കണം എന്ന ആഗ്രഹം ബാക്കിയാക്കി മുരളീധരൻ മടങ്ങി.

പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി വി മുരളീധരന്റെ വിയോഗമാണ് നൊമ്ബരമാകുന്നത്. ജോലി ഉപേക്ഷിച്ച്‌ ആറ് മാസം മുൻപാണ് അദ്ദേഹം നാട്ടിലെത്തിയത്. ഇനി പോകുന്നില്ല എന്നായിരുന്നു തീരുമാനം. എന്നാല്‍ നാട്ടിലെത്തി ഒരു മാസം കഴിഞ്ഞപ്പോള്‍ കമ്ബനിയില്‍ നിന്ന് അദ്ദേഹത്തെ തേടി പതിവു പോലെ വിളിയെത്തി.

ആറുമാസംകൂടി നിന്നിട്ടു മടങ്ങിക്കോളൂ എന്നു പറഞ്ഞാണ് കമ്ബനി ഉടമ വിളിച്ചത്. അധികം വൈകാതെ വീസയുമെത്തി. ആ വിളിയോട് മുഖം തിരിക്കാനാവാത്തതിനാല്‍ മുരളീധരൻ ഫെബ്രുവരിയില്‍ കുവൈത്തിലേക്ക് മടങ്ങി. എന്തുവന്നാലും നവംബറില്‍ മടങ്ങിപ്പോരും എന്ന തീരുമാനത്തിലായിരുന്നു. ആറ് മാസം ആയില്ല അതിനു മുന്നേ മുരളീധരൻ മടങ്ങിയെത്തുകയാണ്, ജീവനറ്റ്. കോവിഡ് കാലത്ത് എല്ലാം ഉപേക്ഷിച്ചു വന്നിട്ടും കമ്ബനി മേധാവി നേരിട്ടു വിളിച്ചതോടെ അന്നും തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു.

Related News