പുതിയകാറില്‍ ആദ്യയാത്ര; മറ്റൊരു കാര്‍ പാഞ്ഞുകയറിയത് അയാൻഷ് അമ്മയുടെ മടിയിലിരുന്ന് പാലുകുടിക്കുന്നതിനിടെ

  • 12/07/2025

അമ്മയുടെ മടിയിലിരുന്ന് പാലുകുടിക്കുകയായിരുന്ന നാലുവയസ്സുകാരൻ, ഇലക്‌ട്രിക്കല്‍ ചാർജിങ് സ്റ്റേഷനുള്ളിലേക്ക് കയറിയ വാഹനം നിയന്ത്രണംവിട്ട് ഇടിച്ച്‌ മരിച്ചു. തിരുവനന്തപുരം നേമം ശാന്തിവിള ശാസ്താംലെയ്നില്‍ നാഗമ്മല്‍ വീട്ടില്‍, എയർഫോഴ്സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്നിക്ക് അധ്യാപിക ആര്യാ മോഹന്റെയും മകനായ എസ്. അയാൻഷ് നാഥ് ആണ് മരിച്ചത്. ആര്യാ മോഹ(30)-ന് ഗുരുതരമായി പരിക്കേറ്റു.

ശനിയാഴ്ച വൈകീട്ട് മൂന്നിന് വാഗമണ്‍ വഴിക്കടവില്‍ കുരിശുമലയിലേക്ക് തിരിയുന്ന റോഡിനും ബസ് സ്റ്റാൻഡിനും സമീപത്തുള്ള സ്വകാര്യ ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷനിലായിരുന്നു അപകടം. കുട്ടിയുടെ അച്ഛൻ ശബരിനാഥ് അവധിക്കെത്തിയപ്പോള്‍ കുടുംബസമേതം വാഗമണ്‍ കാണാനെത്തിയതായിരുന്നു. കാർ ഇവിടെ നിർത്തിയിട്ട് ചാർജ് ചെയ്യുകയായിരുന്നു.

കുട്ടിക്ക് പാല്‍ നല്‍കുന്നതിനായി ആര്യ രണ്ടാമത്തെ ചാർജിങ് പോയന്റിനു സമീപത്തേക്ക് മാറിയിരുന്നു. ഇതിനിടയില്‍ ചാർജ് ചെയ്യാനെത്തിയ മറ്റൊരു കാർ ഇവിടേക്ക് കയറ്റുംവഴി ഇവരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ചേർപ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് ഏഴുമണിയോടെ കുട്ടി മരിച്ചു. എറണാകുളത്തുള്ള അഭിഭാഷകനാണ് അപകടമുണ്ടാക്കിയ കാർ ഓടിച്ചതെന്നാണ് വിവരം. അയാൻഷ് നാഥ് പാലാ ബ്ലൂമിങ് ബഡ്സിലെ എല്‍കെജി വിദ്യാർഥിയാണ്. പാലായിലായിരുന്നു താമസം.

Related News