വ്യാജ ബാഗുകൾ വിറ്റ് ലക്ഷങ്ങൾ തട്ടി: ആഡംബര തട്ടിപ്പ് നടത്തിയ പ്രവാസി പിടിയിൽ

  • 05/12/2025



കുവൈത്ത് സിറ്റി: ആഡംബര ഫാഷന്റെ പേരിൽ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുന്ന കേസിൽ പ്രവാസി അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഒരു പ്രവാസി തട്ടിപ്പുകാരനെ പിടികൂടിയത്. 
ഇയാളുടെ തട്ടിപ്പ് രീതി വളരെ ലളിതമായിരുന്നെങ്കിലും കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നു. ഇയാൾ വാട്ട്‌സ്ആപ്പ് വഴി ഉയർന്ന ബ്രാൻഡഡ് ഹാൻഡ്‌ബാഗുകളുടെ ആകർഷകമായ ഫോട്ടോകൾ അയക്കുകയും പ്രത്യേക കിഴിവുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യും. പണം ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി കൈക്കലാക്കിയ ശേഷം വ്യാജ ഉൽപ്പന്നങ്ങൾ നൽകി മുങ്ങുകയായിരുന്നു പതിവ്.

ഒരു യുവതി പരാതി നൽകിയതോടെയാണ് വഞ്ചന, കബളിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത ഈ കേസിന് തുടക്കമായത്. പ്രമുഖ ആഗോള ബ്രാൻഡുകളുടെ സ്ത്രീകളുടെ ഹാൻഡ്‌ബാഗുകൾ വിൽക്കുന്നതിനെക്കുറിച്ചുള്ള ഒരു പരസ്യം സോഷ്യൽ മീഡിയയിൽ കണ്ടാണ് യുവതി വിൽപ്പനക്കാരനെ ബന്ധപ്പെട്ടത്. തുടർന്ന്, അയാൾ പ്രീമിയം ഹാൻഡ്‌ബാഗുകളുടെ മികച്ച ചിത്രങ്ങൾ അയച്ചു. എല്ലാം യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്നവയായിരുന്നു. താൻ തിരഞ്ഞെടുത്ത ഹാൻഡ്‌ബാഗിന് 650 ദിനാർ നൽകാൻ സമ്മതിച്ച യുവതി, മൊബൈൽ വഴി പണം ട്രാൻസ്ഫർ ചെയ്തു. എന്നാൽ സാധനം ലഭിച്ചപ്പോൾ അത് വ്യാജമാണെന്ന് മനസ്സിലാക്കുകയും തട്ടിപ്പിന് ഇരയാവുകയായിരുന്നു.

Related News