മുബാറക് അൽ കബീർ പോർട്ട് നിർമ്മാണത്തിന് പച്ചക്കൊടി; കരാർ തുക 1.2 ബില്യൺ ദിനാർ

  • 18/12/2025


കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ തന്ത്രപ്രധാനമായ വികസന പദ്ധതിയായ മുബാറക് അൽ കബീർ പോർട്ട് നിർമ്മാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കുന്നതിനുള്ള സുപ്രധാന കരാറിന് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ അംഗീകാരം നൽകി. എൻജിനീയറിങ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ എന്നിവ ഉൾപ്പെടുന്ന ഈ കരാർ അടുത്തയാഴ്ച ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 1.2 ബില്യൺ കുവൈത്ത് ദിനാർ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ തുറമുഖത്തിന്റെ ശേഷിക്കുന്ന ഘട്ടങ്ങളിലേക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കും വഴിതെളിഞ്ഞു.

കുവൈത്തും ചൈനയും തമ്മിൽ 2023 സെപ്റ്റംബർ 22-ന് ഒപ്പിട്ട ഏഴ് സുപ്രധാന ധാരണാപത്രങ്ങളിൽ ഉൾപ്പെട്ട ആദ്യത്തെ പദ്ധതിയെന്ന പ്രത്യേകതയും ഇതിനുണ്ട്. വമ്പൻ വികസന പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്ന മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ തുടർച്ചയായ യോഗങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് പദ്ധതിക്ക് ഇപ്പോൾ അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്. കുവൈത്തിനെ ഒരു ആഗോള വ്യാപാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള 'വിഷൻ 2035'-ന്റെ ഭാഗമാണ് ഈ പദ്ധതി.

Related News