കുവൈത്തിൽ മൂന്ന് മാസത്തിനിടെ 340 ഗാർഹിക പീഡനക്കേസുകൾ, കണക്കുകൾ പുറത്ത്

  • 17/12/2025



കുവൈത്ത് സിറ്റി: രാജ്യത്തെ കുടുംബ ഭദ്രതയ്ക്ക് ആഘാതമേൽപ്പിച്ചുകൊണ്ട് ഗാർഹിക പീഡനങ്ങളിലും കുട്ടികൾക്കെതിരായ അതിക്രമങ്ങളിലും വൻ വർധനവ്. ഫാമിലി അഫയേഴ്‌സ് സുപ്രീം കൗൺസിൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷത്തിന്റെ അവസാന പാദത്തിൽ മാത്രം 340 പീഡന പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളാണ് ഈ കണക്കുകളിൽ ഏറിയ പങ്കും. ഗാർഹിക പീഡനം മാത്രം 143 റിപ്പോർട്ടുകൾ ലഭിച്ചു. 
സ്വന്തം ബന്ധുക്കളുടെ കൈകളാൽ പീഡനത്തിനിരയായത് 197 കുട്ടികളാണ്.
പീഡനത്തെത്തുടർന്ന് സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് മാറ്റിയ 11 പേർക്ക് അംഗീകൃത നടപടിക്രമങ്ങൾ പാലിച്ച് അഭയം നൽകി.

 ഈ വിഷയത്തിൽ സർക്കാരിന്റെ അതീവ ജാഗ്രത വ്യക്തമാക്കിക്കൊണ്ട് സാമൂഹിക-കുടുംബ-ശിശുക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല രംഗത്തെത്തി. ഗാർഹിക പീഡനങ്ങളെയും കുട്ടികൾക്കെതിരായ അതിക്രമങ്ങളെയും പ്രതിരോധിക്കുന്നത് രാജ്യത്തിന്റെ ദേശീയ മുൻഗണനയാണെന്ന് അവർ പറഞ്ഞു.

"ഗാർഹിക പീഡനക്കേസുകൾ കൃത്യമായി നിരീക്ഷിക്കാനും അവ ഗൗരവമായി കൈകാര്യം ചെയ്യാനും രാജ്യം പ്രതിജ്ഞാബദ്ധമാണ്. സമൂഹത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല," ഡോ. അംതാൽ വ്യക്തമാക്കി.

Related News