ത്രെഡ്സിൽ തരംഗമായി 'മിസ്റ്റർ ബീസ്റ്റ്': ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യത്തെ വ്യക്തി

  • 09/07/2023



ത്രെഡ്സിൽ തരംഗമായി മാറിയിരിക്കുകയാണ് 'മിസ്റ്റർ ബീസ്റ്റ് (MrBeast)'. പേരിന് പിന്നിലെ വ്യക്തി യുട്യൂബറായ ജെയിംസ് സ്റ്റീഫൻ ഡൊണാൾഡ്‌സണാണ്. ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യത്തെ വ്യക്തി കൂടിയാണ് ഇദ്ദേഹം. ഗിന്നസ് വേൾഡ് റെക്കോർഡ്സാണ് ഇക്കാര്യം വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബർ കൂടിയാണ് മിസ്റ്റർ ബീസ്റ്റ്.

165 ദശലക്ഷം ആളുകളാണ് 25 കാരനായ ബീസ്റ്റിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളത്. ടെക്നിക്കലി നോക്കിയാൽ പത്ത് ലക്ഷം ഫോളോവേഴ്സുള്ള ആദ്യ അക്കൗണ്ട് ഒന്നുമല്ല ബീസ്റ്റിന്റെത്. ഇൻസ്റ്റാഗ്രാം, നാഷണൽ ജിയോഗ്രാഫിക് എന്നിവയുടെ അക്കൗണ്ടുകൾ നേരത്തെ ഒരു ദശലക്ഷം ഫോളോവേഴ്സിനെ നേടിയിരുന്നു. എന്നാൽ, ത്രെഡ്സിൽ വൺ മില്യൺ തികയ്ക്കുന്ന ആദ്യത്തെ വ്യക്തിയാണ് ബീസ്റ്റ്. 

2022-ൽ ലോകത്ത് ഏറ്റവും ചിലവേറിയ യൂട്യൂബ് വിഡിയോ പുറത്തിറക്കിയതിലൂടെ മിസ്റ്റർ ബീസ്റ്റ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 400 കോടിയിലേറെ രൂപയായിരുന്നു (50 മില്യൺ ഡോളർ) വിഡിയോയുടെ ചിലവ്. വീഡിയോ വമ്പൻ ​ഹിറ്റാവുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് സ്വന്തമാക്കിയ (നോൺ-മ്യൂസിക്) വിഡിയോയും ബീസ്റ്റിന്റേതാണ്. നിലവിൽ ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയ്ക്കായി നൂറിലധികം രാജ്യങ്ങളിലായി മെറ്റ ത്രെഡ്സ് അവതരിപ്പിച്ചു കഴിഞ്ഞു.

ഉപഭോക്താക്കളുടെ കാര്യത്തിൽ ആപ്പ് റെക്കോർഡ് ഇട്ടു കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിന്റെ വലിയൊരു വിഭാഗം ഉപഭോക്താക്കളെയാണ് ത്രെഡ്‌സ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. . ഇൻസ്റ്റാഗ്രാമിന്റെ നാലിലൊന്ന് ഉപഭോക്താക്കളെ ത്രെഡ്‌സിന് ലഭിച്ചാൽ ട്വിറ്ററിനത് വലിയൊരു വെല്ലുവിളിയാകുമെന്നാണ് സൂചന.

2022 ലെ കണക്കനുസരിച്ച് ട്വിറ്ററിന് 45 കോടി സജീവ ഉപഭോക്താക്കളാണുള്ളത്. 235 കോടിയാണ് പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം. ഉപയോക്താക്കൾക്ക് ത്രെഡ് ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യണമെന്ന് മാത്രം. ഒരു ഉപയോക്താവിന് ത്രെഡ്സിൽ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരെ നിലനിർത്താൻ സാധിക്കും.

Related Articles