ഭൂകമ്പ മുന്നറിയിപ്പ് ഇനി ​ഗൂ​ഗിൾ നല്കും; ആൻഡ്രോയിഡ് ഫോണുകളിൽ പുതിയ സംവിധാനമെത്തി

  • 29/09/2023

സന്‍ഫ്രാന്‍സിസ്കോ : ഇനി മുതൽ ഫോണിൽ ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കും. ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകളിലാണ് നിലവിൽ ഈ സംവിധാനം ലഭ്യമാകുന്നത്. ഫോണിലെ സെൻസറുകൾ ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന പുതിയ സംവിധാനം എൻഡിഎംഎ (നാഷനൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി), എൻഎസ്‌സി (നാഷനൽ സീസ്മോളജി സെന്റർ) എന്നിവയുമായി സഹകരിച്ചാണ് വികസിപ്പിച്ച് എടുത്തിരിക്കുന്നത്. കൂടാതെ ഭൂകമ്പ സാധ്യതയുള്ള മേഖലകളിൽ പ്രാദേശിക ഭാഷകളിൽ ഫോണിൽ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. 

റിക്ടർ സ്കെയിലിൽ 4.5 നു മുകളിൽ തീവ്രതയുള്ള ഭൂകമ്പ സമയത്ത് ഫോണിൽ ജാ​ഗ്രതാ നിർദേശം ലഭിക്കും. കൂടാതെ സുരക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടതെന്ന നിർദേശവും സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഫോൺ സൈലന്റ് മോഡിലാണെങ്കിലും ഉച്ചത്തിലുള്ള ശബ്ദവും സുരക്ഷാ നടപടികൾക്കുള്ള നിർദേശവും ഫോണിലൂടെ ലഭിക്കും. സെറ്റിങ്സിലെ സേഫ്റ്റി ആന്റ് എമർജൻസി ഓപ്ഷനിൽ നിന്ന് എർത്ത്ക്വെയ്ക് അലർട്സ് ഓൺ ചെയ്താൽ ഈ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനക്ഷമമാക്കാം.

ഭൂകമ്പ തരംഗങ്ങൾ ഭൂമിയിലൂടെ പ്രചരിക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ ഇന്റർനെറ്റ് സിഗ്നലുകളിലൂടെ സഞ്ചരിക്കും. അതുകൊണ്ട് തന്നെ ശക്തമായ കുലുക്കത്തിന് ഏതാനും സെക്കൻഡുകൾക്ക് മുൻപ് തന്നെ അലർട്ടുകൾ ഫോണുകളിൽ എത്തുമെന്നാണ് ഗൂഗിൾ പറയുന്നത്.

ആക്സിലറോമീറ്റർ സീസ്മോഗ്രാഫായി ഉപയോഗിച്ച് ഫോണിനെ ഒരു മിനി ഭൂകമ്പ ഡിറ്റക്ടറാക്കി മാറ്റിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. ഒരേ സമയം ഭൂകമ്പം പോലുള്ള കുലുക്കം പല ഫോണുകൾക്കും ഐഡന്റിഫൈ ചെയ്താൽ ഗൂഗിളിന്റെ സെർവർ അതിന്റെ വ്യാപ്തി മനസിലാക്കി പെട്ടെന്ന് അലർട്ട് നല്കും.

ഭൂകമ്പത്തിന്റെ തീവ്രതയെ ആശ്രയിച്ച്, അലേർട്ടുകളെ രണ്ട് തരങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യത്തേത്, 4.5 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പ സമയത്ത് MMI 3 & 4 കുലുക്കം അനുഭവപ്പെടുന്ന സമയത്ത് ഉപയോക്താക്കൾക്ക് അയയ്‌ക്കുന്ന 'Be Aware Alert' ആണ്. മറ്റൊന്ന്, 4.5 അല്ലെങ്കിൽ അതിൽ കൂടുതലുള്ള MMI 5+ കുലുക്കം അനുഭവപ്പെടുന്ന ഉപയോക്താക്കൾക്ക് അയയ്‌ക്കുന്ന 'ടേക്ക് ആക്ഷൻ അലേർട്ട്' ആണ്.

Related Articles