ആ കിരീടവും ഇനി 'ചന്ദ്ര'യ്ക്ക്; റെക്കോര്‍ഡ് ഫിനിഷിംഗുമായി 'ലോക'

  • 05/10/2025

മോളിവുഡിന്‍റെ ബോക്സ് ഓഫീസ് വണ്ടര്‍ ആണ് ലോക: ചാപ്റ്റര്‍ 1 ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച്, ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമായിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം എത്തിയത്. ചിത്രത്തെക്കുറിച്ച് കാര്യമായൊന്നും പറയാതെ ആയിരുന്നു അണിയറക്കാര്‍ ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. എന്നാല്‍ ഒറ്റ ഷോയോടെ കളി മാറി. മസ്റ്റ് വാച്ച് എന്ന് ആദ്യ ദിനം തന്നെ അഭിപ്രായം വന്ന ചിത്രം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ട്രെന്‍ഡിംഗ് ആയി എന്നതായിരുന്നു കൗതുകകരമായ വസ്തുത. വിജയത്തിന്‍റെ പൊലിമ വര്‍ധിപ്പിച്ച ഒരു കാര്യം ഇതാണ്. 



ആദ്യ വാരങ്ങള്‍ മുതല്‍ ബോക്സ് ഓഫീസില്‍ പല റെക്കോര്‍ഡുകളും ഇട്ടിരുന്നു ഈ ചിത്രം. ഇപ്പോഴിതാ സുപ്രധാനമായ മറ്റൊരു ബോക്സ് ഓഫീസ് റെക്കോര്‍ഡും ചിത്രം സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. കേരളത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ആണ് അത്. ഈ വര്‍ഷം തന്നെ റിലീസ് ചെയ്യപ്പെട്ട മോഹന്‍ലാല്‍ ചിത്രം തുടരുമിന്‍റെ പേരില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡ് ആണ് ലോക ഇന്നത്തെ ദിവസത്തോടെ സ്വന്തം പേരില്‍ ആക്കിയിരിക്കുന്നത്.

ആഗോള കളക്ഷനില്‍ നേരത്തേതന്നെ മോളിവുഡിലെ ടോപ്പര്‍ ആയിരുന്ന ചിത്രം മറ്റ് പല റെക്കോര്‍ഡുകളും ഇതിനകം പിട്ടിട്ടിട്ടുണ്ട്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടുന്ന മലയാള ചിത്രം, കേരളത്തില്‍ ആദ്യമായി 50,000 ഷോകള്‍ നടത്തുന്ന മലയാള ചിത്രം, ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ മലയാള ചിത്രം എന്നിങ്ങനെ നീളുന്നു അവ. അതേസമയം മറ്റൊരു റെക്കോര്‍ഡും ലോകയുടെ കൈയകലത്ത് ആണ്. മലയാളത്തില്‍ നിന്ന് ആദ്യമായി 300 കോടി ആഗോള ഗ്രോസ് നേടുന്ന ചിത്രം എന്ന റെക്കോര്‍ഡ് ആണ് അത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ഈ കടമ്പയും കടക്കും. മോളിവുഡിനെ പുതിയ ആകാശങ്ങള്‍ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന വിജയമാണ് ചിത്രം നേടിയത്. ഇത്രയും തിളക്കമുള്ള വിജയം നേടിയ ചിത്രത്തിന്‍റെ ബജറ്റ് 30 കോടി ആയിരുന്നുവെന്നത് മറ്റ് ഇന്‍ഡസ്ട്രികളില്‍ വലിയ ചര്‍ച്ചാവിഷയമാണ്.

Related Articles