തുടരുമിനെ വീഴ്ത്തി 'ലോക'; ഇനി മറികടക്കേണ്ടതും മറ്റൊരു മോഹൻലാൽ ചിത്രത്തെ

  • 14/09/2025

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ചിത്രം ഇതിനോടകം 200 കോടി ക്ലബ്ബിൽ കയറിയിട്ടുണ്ട്. ഇപ്പോഴിതാ ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക മറികടന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.


235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്. നിലവിൽ 237 കോടിയാണ് ലോകയുടെ ആഗോള നേട്ടം. ചിത്രം വളരെ വേഗം 250 കോടിയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. ഒന്നാം സ്ഥനത്തേക്ക് എത്താൻ ലോകയ്ക്ക് രണ്ട് സിനിമകളെയാണ് മറികടക്കേണ്ടത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ആഗോള കളക്ഷനിൽ ഒന്നാം സ്ഥാനത്തുള്ള മലയാളം സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം. തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്ത് മഞ്ഞുമ്മൽ ബോയ്‌സ് ആണ്. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷൻ. ചിത്രത്തിനെ ഉടൻ ലോക മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

നിലവിൽ മൂന്നാം സ്ഥാനത്താണ് കളക്ഷനിൽ ലോകയുള്ളത്. ജൂഡ് ആന്തണി ജോസഫ് ചിത്രമായ 2018 നെയും ലോക മറികടന്നു. 174.25 കോടിയാണ് 2018 ന്റെ നേട്ടം. കഴിഞ്ഞ 24 മണിക്കൂറിൽ ലോകയുടെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട്. റിലീസ് ചെയ്ത് 17 ദിവസങ്ങൾ പിന്നിടുമ്പോഴും ബുക്ക് മൈ ഷോയിൽ നിരവധി ടിക്കറ്റുകളാണ് വിറ്റ് പോകുന്നത്. കണ്ടവർ വീണ്ടും കാണാനെത്തുന്നു എന്ന പ്രത്യേകതയും ലോകയ്ക്ക് ഉണ്ട്. അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര".

Related Articles