ഇന്ന് ലോക നാളികേര ദിനം: തേങ്ങയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

  • 02/09/2023ഇന്ന് ലോക നാളികേര ദിനം (World Coconut Day). ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയാണ് ദിനാചരണത്തിന് ചുക്കാൻ പിടിക്കുന്നത്. ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. നാളികേരത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും അവബോധം വളർത്തുന്നതിനുമായി എല്ലാ വർഷവും ലോക നാളികേര ദിനം ആചരിക്കുന്നു. ഇന്ത്യയിൽ തമിഴ്നാട്, കർണാടക, കേരളം, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് എന്നിവയാണ് തെങ്ങ് വളരുന്ന പ്രധാന സംസ്ഥാനങ്ങൾ.

നാളികേരത്തിന്റെ ​ഗുണങ്ങളറിയാം...

തേങ്ങയിൽ കൊഴുപ്പ് താരതമ്യേന ഉയർന്നതാണ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ ഡി, ഇ, എ, കെ എന്നിവ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. നാളികേരത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് രോഗശമന ശേഷിയുണ്ട്. ഇതിൽ പൂരിത കൊഴുപ്പുകളാണ് അടങ്ങിയിട്ടുള്ളത്. 

വെളിച്ചെണ്ണയിൽ മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല അതേ സമയം ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വയറിൻ്റെ ഭാഗങ്ങളിൽ അടിഞ്ഞു കൂടാൻ സാധ്യതയുള്ള കൊഴുപ്പുകളെ ഊർജ്ജമായി മാറ്റിയെടുക്കുന്നു. 
രുചി മാത്രമല്ല ശരീരത്തിന് ആവശ്യമുള്ള എല്ലാ ഇലക്ട്രോലൈറ്റുകളും നാളികേരത്തിൽ നിന്ന് ലഭിക്കുന്നു. ശരീരത്തെ ജലാംശം ഉള്ളതാക്കി നിലനിർത്തുന്നതിന് ഇലക്ട്രോലൈറ്റുകൾ ഒട്ടും ഒഴിച്ചുകൂടാനാവാത്തതാണ്. മറ്റേത് തരം ഡ്രിങ്കുകളുമായി താരതമ്യം ചെയ്താലും തേങ്ങാവെള്ളം നൽകുന്നത്ര ഇലക്ട്രോലൈറ്റുകൾ മറ്റൊന്നും നൽകില്ല. ‍

ചർമ്മത്തെ ആരോഗ്യകരവും ചെറുപ്പവുമായി നിലനിർത്താൻ പ്രകൃതിദത്ത വെളിച്ചെണ്ണയേക്കാൾ നല്ലൊരു പരിഹാരമില്ല. ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലുണ്ടാകുന്ന പ്രായമാകൽ പ്രക്രിയയെ പതുക്കെയാക്കുന്നു. 

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി വെളിച്ചെണ്ണ പാചക എണ്ണയായി ഉപയോഗിക്കാം. അതു പോലെതന്നെ തേങ്ങാവെള്ളം കുടിക്കുന്നതും തേങ്ങ വെറുതെ കഴിക്കുന്നതും എല്ലാം ഗുണം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

നാളികേരത്തിൽ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ആഗിരണം ചെയ്യുമ്പോൾ മോണോലൗറിൻ എന്ന പദാർത്ഥം രൂപം കൊള്ളുന്നു. ഈ പദാർത്ഥങ്ങൾ ഫംഗസ്, വൈറസ്, ബാക്ടീരിയ എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നു.

Related Articles