മഴ ഇന്നും നാളെയും തുടരും; വ്യാഴാഴ്ച രാത്രി തണുപ്പ് ശക്തമാകും; മൂടൽമഞ്ഞിന് സാധ്യത

  • 10/12/2025


കുവൈത്ത് സിറ്റി: കുവൈത്തിൽ മഴയുടെ തീവ്രത വ്യത്യാസപ്പെട്ടും ചിലപ്പോൾ ഇടിയോടുകൂടിയും വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. കൂടാതെ, രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ ഇന്ന് വൈകുന്നേരം മുതൽ നാളത്തെ പ്രഭാതം വരെ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ പറയുന്നതനുസരിച്ച്, നാളെ വരെ മേഘാവൃതമായ കാലാവസ്ഥ തുടരും. കുവൈത്തിന്റെ തെക്ക് പടിഞ്ഞാറൻ, വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഉയർന്ന ആപേക്ഷിക ആർദ്രതയും മൂടൽമഞ്ഞും കാരണം കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്.

ഇന്ന് വൈകുന്നേരവും നാളെ രാവിലെയും മഴയ്ക്ക് സാധ്യത വർദ്ധിക്കും. മഴയുടെ അളവ് മിതവും ഒറ്റപ്പെട്ടതുമായിരിക്കും. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാറ്റ് തെക്ക് കിഴക്ക് ദിശയിൽ നിന്ന് വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് മാറും. വെള്ളിയാഴ്ച വൈകുന്നേരവും ശനിയാഴ്ചയും മഴയ്ക്കുള്ള സാധ്യത കുറയും. ഇതോടെ താപനില കുറയുകയും തണുപ്പ് എത്തുകയും ചെയ്യും. മേഘങ്ങളും കുറയും. കൂടാതെ, ശനിയാഴ്ച രാവിലെ വരെ മൂടൽമഞ്ഞ് തുടരാൻ സാധ്യതയുണ്ട്. അതിനാൽ കര, കടൽ, തീരദേശ മേഖലകളിൽ മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related News