റെസിഡൻഷ്യൽ മേഖലകളിലെ സ്വകാര്യ സ്കൂളുകൾക്ക് പൂട്ടുവീഴും: 2027-2028 അധ്യയന വർഷത്തോടെ ലൈസൻസുകൾ റദ്ദാക്കും

  • 10/12/2025



കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ ആവശ്യങ്ങൾക്കായി മാത്രം അനുവദിച്ച പ്രദേശങ്ങളിലെ സ്വകാര്യ സ്കൂളുകൾക്ക് നൽകിയിട്ടുള്ള എല്ലാ അനുമതികളും ലൈസൻസുകളും റദ്ദാക്കാൻ മുനിസിപ്പൽ കൗൺസിൽ യോഗം അംഗീകാരം നൽകി. കൗൺസിൽ ചെയർമാൻ അബ്ദുല്ല അൽ-മഹ്‌രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2027-2028 അധ്യയന വർഷം അവസാനത്തോടെ ഈ സ്കൂളുകൾ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിലുള്ള സ്കൂളുകൾക്ക് പകരമായി മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ച പുതിയ സ്വകാര്യ സ്കൂളുകൾക്കായുള്ള സ്ഥലങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറുന്നതിലെ കാലതാമസത്തെക്കുറിച്ച് കൗൺസിൽ അംഗം നാസർ അൽ-ജദാൻ ചോദ്യമുയർത്തി. ഇതിൽ ആർക്കാണ് വീഴ്ച പറ്റിയതെന്നും അദ്ദേഹം ചോദിച്ചു. സർവ്വേ കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുബാറക് അൽ-അജ്മി ഇതിന് മറുപടി നൽകി. മുനിസിപ്പാലിറ്റി 4 സൈറ്റുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയതായും, മറ്റ് 4 സൈറ്റുകൾ ഏറ്റെടുക്കാൻ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അൽ-അജ്മി വെളിപ്പെടുത്തി.

സ്കൂളുകൾക്ക് പുതിയ സ്ഥലങ്ങൾ അനുവദിക്കുന്ന നടപടികൾ പൂർത്തിയാക്കി കെട്ടിട നിർമ്മാണാനുമതി നൽകിയ ശേഷം, പൂർണ്ണമായ 3 കലണ്ടർ വർഷം കഴിഞ്ഞതിന് ശേഷം മാത്രമേ സ്കൂളുകൾ ഒഴിഞ്ഞു പോകാവൂ എന്ന് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കം, സ്വകാര്യ സ്കൂളുകൾക്ക് പുതിയ സൗകര്യങ്ങൾ നിർമ്മിക്കാനും തങ്ങളുടെ പ്രവർത്തനം താമസം കുറഞ്ഞ മേഖലകളിലേക്ക് മാറ്റാനും മതിയായ സമയം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. നിയമം പാലിക്കാത്ത സ്കൂളുകൾക്കെതിരെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related News