ഇൻഡിഗോ എയർലൈൻസ് കുവൈത്തിൽ 13.16 കോടി അടയ്ക്കണം

  • 10/12/2025


കുവൈത്ത് സിറ്റി: ഇൻഡിഗോ എയർലൈൻസിന്‍റെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് 2021-22 മുതൽ 2024-25 വരെയുള്ള കണക്കെടുപ്പ് വർഷങ്ങളിലെ നികുതി ഇനത്തിലും പിഴയായും 448,793 കുവൈത്തി ദിനാർ (ഏകദേശം ₹13.16 കോടി) അടയ്ക്കാൻ കുവൈത്തിൽ ഇൻസ്‌പെക്ഷൻ ആൻഡ് ടാക്സ് ക്ലെയിംസ് ഡിപ്പാർട്ട്‌മെൻ്റ് നോട്ടീസ് നൽകി. കുവൈത്തിലെ ഇൻസ്‌പെക്ഷൻ കൺട്രോളർ ആൻഡ് ആക്ടിംഗ് ഡയറക്ടറിൽ നിന്ന് ഡിസംബർ എട്ടിനാണ് ഓർഡർ ലഭിച്ചതെന്ന് ഇന്റർഗ്ലോബ് ഏവിയേഷൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ സ്ഥിരീകരിച്ചു. നാല് സാമ്പത്തിക വർഷങ്ങളിലെ നികുതി കുടിശ്ശികയും പിഴയും ഈ നോട്ടീസിൽ ഉൾപ്പെടുന്നു.

ഈ നികുതി ഡിമാൻഡ് തെറ്റാണ് എന്ന് കരുതുന്നതായും, പുറത്തുനിന്നുള്ള നികുതി വിദഗ്ധരുടെ ഉപദേശപ്രകാരം കേസിൻ്റെ മെറിറ്റിൽ തങ്ങൾക്ക് ശക്തമായ വാദങ്ങളുണ്ടെന്നും ഇന്റർഗ്ലോബ് ഏവിയേഷൻ അറിയിച്ചു. ഓർഡറിനെതിരെ നിയമപരമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് എയർലൈൻ. ഈ സംഭവവികാസം തങ്ങളുടെ സാമ്പത്തിക നിലയെയോ പ്രവർത്തനങ്ങളെയോ കാര്യമായി ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. സര്‍വീസ് റദ്ദാക്കലുകളുടെ പേരിൽ ഇൻഡിഗോ എയർലൈൻസ് സമീപ ദിവസങ്ങളിൽ നിയന്ത്രണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ആഴ്ച, 2019-2022 സാമ്പത്തിക വർഷങ്ങൾക്കിടയിൽ ക്ലെയിം ചെയ്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റുകൾ അനുവദിക്കാത്തതിനെ തുടർന്ന് സിജിഎസ്‌ടി കൊച്ചി കമ്മീഷണറേറ്റിൽ നിന്ന് 117.52 കോടിയുടെ ജിഎസ്ടി പിഴ ചുമത്തിയുള്ള ഉത്തരവും എയർലൈൻസിന് ലഭിച്ചിരുന്നു.

Related News