കുളിക്കുന്നത് ദിവസവും ചെയ്യുന്ന കാര്യമാണ്. പ്രത്യേകിച്ച് ചൂടും ഈര്‍പ്പവും കൂടുതലുള്ള കാലാവസ്ഥയില്‍ ഒരു ദിവസം കുളിക്കാതിരിക്കുന്നത് തന്നെ പലര്‍ക്കും ബുദ്ധിമുട്ടാണ്. വിയര്‍പ്പ്, പൊടി, അഴുക്ക് എന്നിവ ശരീരത്തില്‍ നിന്ന് നീക്കാന്‍ കുളി പ്രധാനവുമാണ്. എന്നാല്‍ ദിവസവും കുളിക്കുന്നു എന്നതുകൊണ്ട് ശരീരം മുഴുവന്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുണ്ടോ? പലരും ഇക്കാര്യം ആലോചിക്കാറില്ല. കൂടുതല്‍ സോപ്പ് ഉപയോഗിച്ചാല്‍ കൂടുതല്‍ വൃത്തിയാകും എന്ന ധാരണയും സാധാരണമാണ്.
ഡെര്‍മറ്റോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ സാധാരണയായി ദിവസത്തില്‍ ഒരിക്കല്‍ കുളിക്കുന്നത് ശുചിത്വം നിലനിര്‍ത്താന്‍ മതിയാകാം. എന്നാല്‍ എത്ര തവണ കുളിക്കണം എന്നത് എല്ലാവര്ക്കും ഒരുപോലെയല്ല. നമ്മുടെ ജോലി, വ്യായാമം ചെയ്യുന്നുണ്ടോ, എത്രമാത്രം വിയര്‍ക്കുന്നു, കാലാവസ്ഥ, ചര്‍മ്മത്തിന്റെ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ അനുസരിച്ച് കുളിക്കുന്ന രീതിയില്‍ മാറ്റം വരുത്താം.
ദിവസവും ശരീരത്തില്‍ സോപ്പിടണ്ടേ?
എല്ലാ ദിവസവും ശരീരം മുഴുവന്‍ സോപ്പ് ഉപയോഗിച്ച് തേച്ചുകഴുകേണ്ടത് നിര്‍ബന്ധമല്ല. പ്രത്യേകിച്ച് അധികം വിയര്‍ക്കാത്ത ദിവസങ്ങളില്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും അമിതമായി സോപ്പ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണയും ഈര്‍പ്പവും കുറയാന്‍ കാരണമാകാം. മുഖം, കക്ഷം, സ്വകാര്യ ഭാഗങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. ശരീരത്തിലെ മറ്റ് ഭാഗങ്ങളില്‍ വിയര്‍പ്പോ അഴുക്കോ കൂടുതലുണ്ടെങ്കില്‍ ആവശ്യത്തിന് സോപ്പ് ഉപയോഗിക്കാം.
ചര്‍മ്മത്തിന് സ്വാഭാവികമായ ഒരു സംരക്ഷണ പാളിയുണ്ട്. അമിതമായി സോപ്പ് ഉപയോഗിക്കുന്നത് ഈ പാളിയിലെ എണ്ണയും ഈര്‍പ്പവും കുറയ്ക്കാം.ഇത് ചര്‍മ്മം വരണ്ടുപോകാനും വലിഞ്ഞതുപോലെ തോന്നാനും ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകാനും കാരണമാകാം. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവരില്‍ ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വിയര്‍ക്കുന്ന ദിവസങ്ങളില്‍ എന്തുചെയ്യണം?
വ്യായാമം ചെയ്ത ദിവസങ്ങളിലോ, വെയിലത്ത് ഏറെ സമയം ചെലവഴിച്ചാലോ, ശാരീരിക അധ്വാനം കൂടുതലുള്ള ജോലിയാണെങ്കിലോ ശരീരത്തില്‍ കൂടുതല്‍ വിയര്‍പ്പ് ഉണ്ടാകും.ഇത്തരം ദിവസങ്ങളില്‍ കുളിക്കുന്നത് കൂടുതല്‍ ആവശ്യമായി വരും. കക്ഷം, കാലുകള്‍, സ്വകാര്യ ഭാഗങ്ങള്‍ തുടങ്ങിയ വിയര്‍പ്പ് കൂടുതലായി അടിഞ്ഞുകൂടുന്ന ഭാഗങ്ങള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കാം.



