കുവൈറ്റ് സിറ്റി: രാജ്യത്തെ വിവിധ കസ്റ്റംസ് പോർട്ടുകൾ വഴി എത്തുന്ന ചരക്ക് നീക്കങ്ങൾ സുഗമമാക്കുന്നതിനും ക്ലിയറൻസ് നടപടികൾ വേഗത്തിലാക്കുന്നതിനുമായി കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അംഗീകൃത നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി ഷിപ്പ്‌മെന്റുകളുടെ പ്രവേശനം എളുപ്പമാക്കുന്നതിന് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശപ്രകാരം, കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ പ്രസിഡന്റ് യൂസഫ് അൽ-നുവൈഫ്, വൈസ് പ്രസിഡന്റ് സാലിഹ് അൽ-ഒമർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കൺട്രോൾ റൂം വഴി ഓരോ പോർട്ടിലെയും ചരക്ക് നീക്കം ഉദ്യോഗസ്ഥർ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇത് സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും തടസ്സമില്ലാത്ത ചരക്ക് ഗതാഗതം സാധ്യമാക്കുന്നതിനും സഹായിക്കുന്നു.
യുദ്ധസാഹചര്യങ്ങളും ആഗോള വിതരണ ശൃംഖലയിലെ വെല്ലുവിളികളും നിലനിൽക്കെ, രാജ്യത്തേക്ക് അവശ്യസാധനങ്ങളും മറ്റും തടസ്സമില്ലാതെ എത്തിക്കുന്നത് ഉറപ്പാക്കുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. കസ്റ്റംസ് മീഡിയ കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ മുൻനിർത്തിയുള്ള ഈ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.


