കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ആഗോളതലത്തിൽ തന്നെ ആശങ്കയുണ്ടാക്കുന്നു: ലോകാരോഗ്യ സംഘടന

  • 11/05/2021

ജനീവ: കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദമായ ബി 1617 ആഗോളതലത്തിൽ തന്നെ ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്‌ഒ). അതിവേഗമാണ് ഈ വകഭേദം വ്യാപിക്കുന്നതെന്ന് ഡബ്ല്യൂഎച്ച്‌ഒ കൊറോണ ടെക്‌നിക്കൽ മേധാവി ഡോ. മരിയ വാൻ കെർഖോവെ പറഞ്ഞു.

കഴിഞ്ഞ വർഷം ഇന്ത്യയിലാണ് ബി 1617 എന്ന കൊറോണ വകഭേദത്തെ കണ്ടെത്തിയത്. അതിവേഗമാണ് ഇതു പടരുന്നത്. ഈ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഡബ്ല്യൂഎച്ച്‌ഒ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് മരിയ പറഞ്ഞു.

ഡബ്ല്യൂഎച്ച്‌ഒയുടെ പകർച്ചവ്യാധി പഠന സംഘവും പരിശോധനാ സംഘങ്ങളും ഈ വകഭേദത്തെക്കുറിച്ചു പ്രത്യേക പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പകർച്ചാ ശേഷി വർധിക്കുകയാണെന്നാണ് വിവരങ്ങൾ. ആഗോളതലത്തിൽ തന്നെ ഉത്കണ്ഠയുണ്ടാക്കുന്ന വകഭേദമായാണ് ഡബ്ല്യൂഎച്ച്‌ഒ ഇതിനെ കാണുന്നതെന്ന് ഡോ. മരിയ പറഞ്ഞു.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 3,29,942 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,876 പേർ ഈ സമയത്തിനിടെ കൊറോണ മൂലം മരിച്ചു. ഇന്നലെ 3,56,082 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊറോണ ബാധിച്ചത് 2,29,92,517 പേർക്ക്. ഇതിൽ 1,90,27,304 പേർ രോഗമുക്തരായി. 2,49,992 പേരാണ് ഇതുവരെ കൊറോണ ബാധിച്ചു മരിച്ചത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ രാജ്യത്ത് 17,27,10,066 പേർ വാക്‌സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 37,15,221 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 37,236 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 549 പേർ മരിച്ചു. ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടത് 61,607 പേർ.

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 51,38,973. ആകെ രോഗ മുക്തരുടെ എണ്ണം 44,69,425. ആകെ മരണം 76,398. നിലവിൽ 5,90,818 പേരാണ് ചികിത്സയിലുള്ളത്. ദിവസങ്ങൾക്ക് ശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷത്തിൽ നിന്ന് താഴേക്ക് എത്തിയത്.

Related Articles