മലാശയ അര്‍ബുദം: എന്തുകൊണ്ടാണ് ഇത് ചെറുപ്പക്കാരില്‍ കൂടി വരുന്നത്?

  • 17/03/2022



ക്യാന്‍സര്‍ ചികിത്സാരംഗത്ത് ആഗോളതലത്തില്‍ വിപ്ലകരമായ പല മാറ്റങ്ങളും വന്നുവെങ്കിലും വികസ്വര രാജ്യങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലും ഇപ്പോഴും ക്യാന്‍സര്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന രോഗം തന്നെയാണ്. 

പ്രധാനമായും രോഗനിര്‍ണയത്തിന് എടുക്കുന്ന സമയമാണ് ക്യാന്‍സര്‍ ചികിത്സയില്‍ പ്രതിസന്ധിയാകുന്നത്. പലപ്പോഴും രോഗം വളരെ വൈകി മാത്രം തിരിച്ചറിയുകയും അതോടെ രോഗിയെ രക്ഷപ്പെടുത്താനുള്ള സാധ്യതകള്‍ തീരെ കുറഞ്ഞുവരികയും ചെയ്യുകയാണ്. ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് സമയബന്ധിതമായി പരിശോധന നടത്തുകയും ചികിത്സ തേടുകയും ചെയ്താല്‍ വലിയൊരു പരിധി വരെ രക്ഷപ്പെടാനുള്ള മാര്‍ഗം മുന്നില്‍ തെളിയുകയായി. 

ഇന്ന്, ജീവിതശൈലികളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ മൂലം ചെറുപ്പക്കാരില്‍ ക്യാന്‍സര്‍ സാധ്യതകള്‍ വര്‍ധിച്ചുവരികയാണ്. ഇതില്‍ തന്നെ ചിലയിനം അര്‍ബുദങ്ങള്‍ പ്രത്യേകമായും കൂടിവരുന്നുണ്ട്. അത്തരത്തിലൊന്നാണ് മലാശയ അര്‍ബുദം. എന്തുകൊണ്ടാണ് ഇത് ചെറുപ്പക്കാരില്‍ കൂടി വരുന്നത്? അറിയാം ചില കാരണങ്ങള്‍...

ഒന്ന്...

ഡയറ്റ് അടക്കമുള്ള ജീവിതശൈലികള്‍ തന്നെയാണ് പ്രധാന കാരണമായി വരുന്നത്. വ്യായാമമില്ലായ്മ, മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദങ്ങള്‍ (സ്‌ട്രെസ്), അമിതവണ്ണം, പുകവലി, മദ്യപാനം, ഫൈബറിന്റെ അളവ് കുറഞ്ഞ ഭക്ഷണം പതിവായി കഴിക്കുന്നത്, ഫാസ്റ്റ് ഫുഡ്, അമിതമായ അളവിലുള്ള റെഡ് മീറ്റ് എന്നിങ്ങനെ പല കാര്യങ്ങളും ഇതിലുള്‍പ്പെടുന്നു. 


രണ്ട്...

അന്തരീക്ഷത്തില്‍ കലര്‍ന്നുവരുന്ന കെമിക്കലുകളും ഒരു പരിധി വരെ കാരണമാകാം. കാര്‍ഷികവൃത്തിക്ക് അടക്കം ഉപയോഗിക്കുന്ന കീടനാശിനികള്‍, കളനാശിനികള്‍ തുടങ്ങിയവ, മറ്റ് വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കലുകള്‍, ഫാക്ടറികളില്‍ നിന്ന് പുറന്തള്ളപ്പെടുന്നവ എല്ലാം ക്രമേണ കാരണമായി വരാം. 

മൂന്ന്...

നേരാംവണ്ണം മലവിസര്‍ജ്ജനം നടക്കാതിരിക്കുന്നുവെങ്കില്‍, ഇത് പതിവാണെങ്കില്‍ അതും മലാശയ അര്‍ബുദത്തിന് കാരണമാകാം. മലം ശരീരത്തിനകത്ത് അത്തരത്തില്‍ അടിഞ്ഞുകൂടി കിടക്കുന്നത് ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. 

നാല്...

പാരമ്പര്യമായ ഘടകങ്ങളും ക്യാന്‍സറിലേക്ക് നമ്മെ നയിച്ചേക്കാം. അതായത് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന ഒരാളിലും അര്‍ബുദത്തിനുള്ള സാധ്യതകള്‍ കാണാം.

അഞ്ച്...

കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണം, പ്രോസസ്ഡ് ഫുഡ് എന്നിവ പതിവായി കഴിക്കുക, പഴങ്ങള്‍ - പച്ചക്കറികള്‍ എന്നിവ കഴിക്കാതിരിക്കുക എന്നിങ്ങനെ ഡയറ്റില്‍ സംഭവിക്കുന്ന അസന്തുലിതാവസ്ഥ ക്രമേണ വയറ്റിനകത്തെ ബാക്ടീരിയല്‍ സമൂഹത്തെയും പ്രതികൂലമായി ബാധിക്കാം. അതും മലാശയ അര്‍ബുദത്തിലേക്കുള്ള സാധ്യതകള്‍ തുറന്നിടാം. 

മലാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍...

1. മലദ്വാരത്തില്‍ നിന്ന് രക്തസ്രാവം. 
2. ദഹനപ്രശ്‌നങ്ങള്‍ (വയറിളക്കമോ മലബന്ധമോ പതിവാകാം )
3. ശരീരഭാരം പെട്ടെന്ന് കുറയുന്നത്. 
4. വിളര്‍ച്ച
5. കഫം കെട്ടിക്കിടക്കുന്നത്. 
6. മലദ്വാരത്തിലെ ചര്‍മ്മം കട്ടിയായിരിക്കുന്നത്. 
7. ഭക്ഷണം കഴിക്കാതെ തന്നെ വയര്‍ നിറഞ്ഞിരിക്കുന്നുവെന്ന തോന്നല്‍.
8. മലാശയത്തിന്റെയോ കരളിന്റെയോ സമീപത്തായി മുഴ. 

മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ എല്ലായ്‌പോഴും മലാശയ അര്‍ബുദത്തിന്റേത് തന്നെയാകണമെന്നില്ല. ഐബിഎസ്, ഐബിഡി, പൈല്‍സ് തുടങ്ങി പല പ്രശ്‌നങ്ങളിലും ഇവ ലക്ഷണമായി വരാം. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള പരിശോധന തന്നെ നടത്തുക.

Related Articles