'ബിയര്‍ ഈ രോഗങ്ങളെ തടയുന്നു'; പുതിയ പഠനം

  • 25/06/2022



മദ്യപാനം അത് ഏത് അളവിലായാലും ആരോഗ്യത്തിന് നല്ലതല്ല. ഒരുപക്ഷേ മിതമായ അളവിലാണ് കഴിക്കുന്നതെങ്കില്‍ പോലും അത് ക്രമേണ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. എന്നാലിപ്പോള്‍ യുഎസിലെ 'ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്‍റ് ഫുഡ് കെമിസ്ട്രി' എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം ബിയര്‍ കഴിക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങളുമുണ്ടത്രേ. 

ആല്‍ക്കഹോള്‍ അടങ്ങിയ ബിയറോ അല്ലാത്തതോ ആകാം, മിതമായ അളവില്‍ എല്ലാ ദിവസവും കഴിച്ചാല്‍ തന്നെ ഇത് ആരോഗ്യത്തിന് വെല്ലുവിളിയാകില്ലെന്ന് മാത്രമല്ല, ഗുണകരമാകുമെന്നാണ് പഠനം പറയുന്നത്. 

പ്രധാനമായും വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ വര്‍ധിക്കാനാണത്രേ ബിയര്‍ സഹായകമാവുക. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ദഹനം വേഗത്തിലാക്കുമെന്ന് മാത്രമല്ല, പല രീതിയിലും ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. മാനസികോല്ലാസത്തില്‍ വരെ ഈ ബാക്ടീരിയകള്‍ക്ക് പങ്കുണ്ട്. 

ഇതിന് പുറമെ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ബിയര്‍ നല്ലതാണത്രേ. യുഎസിലെ തന്നെ 'നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍' ( എന്‍എല്‍എം) അവകാശപ്പെടുന്നത് ഹൃദയാരോഗ്യത്തിനും ഷുഗര്‍ നിയന്ത്രിക്കാനുമെല്ലാം ബിയര്‍ സഹായകമാണ്. 

സ്ത്രീകള്‍ ഒരു ഡ്രിങ്കും പുരുഷന്മാര്‍ രണ്ട് ഡ്രിങ്കും ദിവസത്തില്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ അകറ്റുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. സ്ത്രീകള്‍ ആഴ്ചയില്‍ ഒമ്പത് ഡ്രിങ്കും പുരുഷന്മാര്‍ ആഴ്ചയില്‍ 14 ഡ്രിങ്കും കഴിക്കുന്നതിലൂടെ പ്രമേഹ സാധ്യത ക്രമത്തില്‍ 58 ശതമാനവും 43 ശതമാനവും കുറയ്ക്കാൻ സാധിക്കുമെന്നാണ് എന്‍എല്‍എം അവകാശപ്പെടുന്നത്. 

ഇവയ്ക്ക് പുറമെ വൃക്കസംബന്ധമായ രോഗങ്ങള്‍ അകറ്റുന്നതിനും ബിയര്‍ സഹായകമാണത്രേ. 'ക്ലിനിക്കല്‍ ജേണല്‍ ഓഫ് ദ അമേരിക്കൻ സൊസൈറ്റി ഓഫ് നെഫ്രോളജി'യില്‍ വന്ന പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ എല്ലുകളെ ബലപ്പെടുത്തുന്നതിനും ബിയര്‍ നല്ലതാണെന്നാണ് പഠനം പറയുന്നത്. 'ലൈവ് സയന്‍സ്' എന്ന സയന്‍സ് വെബ്സൈറ്റാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 

Related Articles