ബദാം കഴിക്കുന്നത് കൊണ്ടുള്ള മൂന്ന് ആരോഗ്യഗുണങ്ങള്‍ അറിയാം...

  • 02/07/2022




നാം എന്ത് കഴിക്കുന്നു എന്നത് തന്നെയാണ് വലിയൊരു പരിധി വരെ നമ്മളെ നിര്‍ണയിക്കുന്നത്. ശാരീരികാരോഗ്യത്തില്‍ മാത്രമല്ല, മാനസികാരോഗ്യത്തിലും ഡയറ്റിന്‍റെ പങ്ക് അത്രയും വലുതാണ്. അതുകൊണ്ട് തന്നെ ഡയറ്റിലെ പോരായ്മകള്‍ വലിയ രീതിയില്‍ നമ്മെ ബാധിച്ചേക്കാം. 

സമഗ്രമായ, അല്ലെങ്കില്‍ 'ബാലന്‍സ്ഡ്' ആയ ഡയറ്റാണ് മറ്റ് ഡയറ്റുകള്‍ പാലിക്കുന്നില്ലെങ്കില്‍ നാം പിന്തുടരേണ്ടത്. പച്ചക്കറികള്‍, പഴങ്ങള്‍, നട്ട്സ്, സീഡ്സ്, ഇറച്ചി-മീന്‍- മുട്ട, പാല്‍ എന്നിങ്ങനെ അവശ്യം കഴിക്കേണ്ടുന്ന ഭക്ഷണങ്ങളുണ്ട്. നമുക്ക് അടിസ്ഥാനപരമായി ആവശ്യമായിട്ടുള്ള പോഷകങ്ങള്‍ ലഭിക്കുന്നതിനാണ് ഇവയെല്ലാം കൃത്യമായി ഡയറ്റിലുള്‍പ്പെടുത്തുന്നത്. 

ഇക്കൂട്ടത്തില്‍ വളരെയേറെ പ്രാധാന്യമാണ് നട്ട്സിനുള്ളത്. അതില്‍ തന്നെ വലിയ രീതിയില്‍ നമുക്ക് ഗുണകരമാകുന്ന നട്ട് ആണ് ബദാം. മിതമായ അളവില്‍ പതിവായി ബദാം കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആരോഗ്യഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ബദാമിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായകമാണ്. അതിനാല്‍ തന്നെ ബിപിയുള്ളവരുടെ ഡയറ്റില്‍ ബദാമിന് വലിയ സ്ഥാനമുണ്ട്. 


രണ്ട്...

ഫൈബറിനാലും പ്രോട്ടീനിനാലും സമ്പന്നമാണ് ബദാം. കാര്‍ബോഹൈഡ്രേറ്റിന്‍റെ കാര്യത്തിലാണെങ്കില്‍ കുറഞ്ഞ അളവിലാണ് ഇത് ബദാമിലുള്ളത്. അതിനാല്‍ തന്നെ പെട്ടന്ന് വിശപ്പിനെ ശമിപ്പിക്കാൻ ബദാം പ്രയോജനപ്പെടുന്നു. ഒപ്പം തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഇത് നല്ലൊരു ഭക്ഷണവുമാകുന്നു. 

മൂന്ന്...

വൈറ്റമിന്‍ ബി-6 ന്‍റെ നല്ലൊരു കലവറയാണ് ബദാം. ഇതില്‍ 'ട്രിപ്റ്റോഫാൻ' എന്ന അമിനോ ആസിഡിന്‍റെ അളവും കൂടുതലായിരിക്കും. ഇത് ശരീരത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടുന്നൊരു ഘടകമാണ്. ബോഡി പ്രോട്ടീൻ, പേശികള്‍ എന്നിവയുടെ എല്ലാം ആരോഗ്യത്തിന് ആവശ്യം. വൈറ്റമിന്‍ ബി-6 ആണെങ്കില്‍ വിഷാദരോഗമുള്ളവര്‍ക്ക് അതിന്‍റെ വിഷമതകള്‍ കുറയ്ക്കുന്നതിന് സഹായകമാണ്. 'ട്രിപ്റ്റോഫാൻ''സെറട്ടോണിന്‍' അഥവാ സന്തോഷം നല്‍കുന്ന ഹോര്‍മോണ്‍ ആയി മാറ്റാൻ വൈറ്റമിന്‍ ബി-6ന് കഴിയുന്നു. ഇങ്ങനെയാണ് വിഷാദരോഗികള്‍ക്ക് ഇത് ഗുണകരമാകുന്നത്.

വളരെയധികം ആരോഗ്യഗുണങ്ങളുണ്ടെങ്കിലും ആദ്യമേ സൂചിപ്പിച്ചത് പോലെ മിതമായ അളവില്‍ മാത്രമേ ബദാം പതിവായി കഴിക്കാവൂ. അല്ലാത്തപക്ഷം കൊഴുപ്പിന്‍റെ അളവ് കൂടാം. ഗുണങ്ങള്‍ക്ക് പകരം ദോഷവും വരാം.

Related Articles