മാര്‍ക്കറ്റില്‍ നിന്ന് പാല്‍ വാങ്ങിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്

  • 19/01/2023




നമ്മള്‍ നിത്യേന ഉപയോഗിക്കുന്നൊരു വിഭവമാണ് പാല്‍. ദിവസവും അടുക്കളയില്‍ ചായയ്ക്കും മറ്റുമായി പാല്‍ ഉപയോഗിക്കാത്ത വീടുകള്‍ വിരളമായിരിക്കും. എന്നാല്‍ ചിലര്‍ പാല്‍ കഴിക്കാതിരിക്കാറുണ്ട്. ഒരുപക്ഷേ പാലിനോടോ പാലുത്പന്നങ്ങളോടോ ഉള്ള അലര്‍ജി മൂലമാകാം പാല്‍ കഴിക്കാതിരിക്കുന്നത്. 

അല്ലെങ്കില്‍ മൃഗങ്ങളില്‍ നിന്നെടുക്കുന്ന ഉത്പന്നങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്ന തരത്തിലുള്ള ധാര്‍മ്മികമായ കാഴ്ചപ്പാടായിരിക്കും ഇതിലേക്ക് നയിക്കുന്നത്. എന്നാല്‍ ചുരുക്കം ചിലര്‍ ആരോഗ്യകാര്യങ്ങള്‍ പരിഗണിച്ചും പാല്‍ ഒഴിവാക്കുന്നതായി പറയാറുണ്ട്.

അങ്ങനെയെങ്കില്‍ പാല്‍ ആരോഗ്യത്തിന് ദോഷമാണോ എന്ന സംശയം ആരിലുമുണ്ടാകാം. പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റഷി ചൗധരി പറയുന്നത് പാല്‍ വളരെയധികം അപകടകാരിയാണെന്നാണ്. പറയുമ്പോള്‍ ആരും വിശ്വസിച്ചേക്കില്ലെന്നും പക്ഷേ ഇതാണ് സത്യമെന്നും ഇദ്ദേഹം പറയുന്നു.

ഇപ്പോള്‍ നമ്മള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുന്ന പാലില്‍ ആന്‍റിബയോട്ടിക്കുകള്‍, ശരീരവളര്‍ച്ചയ്ക്ക് വേണ്ടി ചേര്‍ക്കുന്ന ഹോര്‍മോണുകള്‍ എന്നിങ്ങനെ പലതും കാണപ്പെടുന്നുണ്ടെന്നും വലിയ രീതിയിലാണ് ഇന്ന് പാലില്‍ മായം ചേര്‍ക്കപ്പെടുന്നതെന്നും ഇദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ പാല്‍, ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

'കണ്‍സ്യൂമര്‍ ഗൈഡൻസ് സൊസൈറ്റി ഓഫ് ഇന്ത്യ' അടുത്തിടെ നടത്തിയ ഒരു റിസര്‍ച്ച് പ്രകാരം ഇന്ന് മാര്‍ക്കറ്റിലെത്തുന്ന പാലില്‍ വലിയ തോതില്‍ കലര്‍പ്പ് കാണപ്പെടുന്നുണ്ട്. ആന്‍റിബയോട്ടിക്സ്, അപകടകാരികളായ കെമിക്കലുകള്‍, കീടനാശിനിയുടെ അംശം എന്നിവയെല്ലാം പാലില്‍ നിന്ന് കണ്ടെത്തിയെന്നാണ് റിസര്‍ച്ച് അവകാശപ്പെടുന്നത്.

Related Articles