രാത്രിയില്‍ കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് തീര്‍ച്ചയായും പകല്‍സമയത്തെ നമ്മുടെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കാം. ഒപ്പം തന്നെ ഉറക്കമില്ലായ്മയോ, ശരിയാംവിധം ഉറക്കം ലഭിക്കാതിരിക്കുന്ന അവസ്ഥയോ പതിവായാല്‍ അത് ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ദോഷകരമായി ബാധിക്കാം. പ്രധാനമായും നമ്മുടെ ജീവിതരീതികളിലെ അപാകതകള്‍ മൂലമാണ് ഉറക്കം പ്രശ്നമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മോശം ഭക്ഷണം, വ്യായാമം അടക്കമുള്ള കായികാധ്വാനങ്ങള്‍ ഏതും ചെയ്യാതിരിക്കുക, സ്ട്രെസ് എന്നിങ്ങനെ പല ഘടകങ്ങളും ഉറക്കത്തെ മോശമായി ബാധിക്കാം. രാത്രിയില്‍ ഉറക്കം ലഭിക്കുന്നില്ലെങ്കില്‍, അതിന് പിന്നില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട, നിങ്ങളുടെ ഈ ശീലങ്ങളാണോ എന്നൊന്ന് പരിശോധിച്ചുനോക്കൂ...ഒന്ന്...രാത്രിയില്‍ എപ്പോഴാണ് നിങ്ങള്‍ അത്താഴം കഴിക്കാറ്? വളരെ വൈകിയാണ് അത്താഴം കഴിക്കുന്നതെങ്കില്‍ അതിന് അനുസരിച്ച് സമയമെടുത്തേ ഉറങ്ങാൻ കിടക്കാവൂ. കാരണം ഭക്ഷണം കഴിച്ച് അല്‍പസമയത്തിനുള്ളില്‍ തന്നെ ഉറങ്ങാൻ കിടക്കുന്നത് നെഞ്ചെരിച്ചില്‍ പോലെയുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും. ഇത് ഉറക്കത്തെ പ്രശ്നത്തിലാക്കുകയും ചെയ്യും. കഴിയുന്നതും രാത്രിയില്‍ നേരത്തെ അത്താഴം കഴിച്ച് ശീലിക്കുക. പിന്നീട് മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക. രണ്ട്...അത്താഴം കനത്തില്‍ കഴിക്കരുതെന്ന് പറയുന്നത് കേട്ടിട്ടില്ലേ? അത്താഴം കനത്തില്‍ കഴിക്കുന്നതും സത്യത്തില്‍ ഉറക്കത്തെ മോശമായി ബാധിക്കും. ഇതും നെഞ്ചെരിച്ചില്‍, ഗ്യാസ് പോലുള്ള പ്രശ്നങ്ങളാണുണ്ടാക്കുക. മൂന്ന്...നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് നമുക്ക് ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കുന്നില്ല എങ്കില്‍, അതും ഉറക്കത്തെ പ്രതികൂലമായി ബാധിക്കാം. രാത്രിയില്‍ അല്‍പം കഴിച്ചാല്‍ മതി എന്ന് പറയുന്നതിന് അര്‍ത്ഥം പോഷകങ്ങള്‍ കുറച്ചുള്ള ഭക്ഷണം എന്നല്ല. അളവ് മാത്രം പരിമിതപ്പെടുത്തിയാല്‍ മതി. ഗുണമേന്മയുള്ള ഭക്ഷണം തന്നെ കഴിക്കാം. അല്ലാത്തപക്ഷം വീണ്ടും വിശപ്പ് തോന്നാനോ, അസ്വസ്ഥതകളനുഭവപ്പടാനോ സാധ്യതയുണ്ട്. ഈ അസംതൃപ്തിയും ഉറക്കത്തെ ബാധിക്കാം. നാല്...ഉറങ്ങുന്നതിന് അല്‍പം മുമ്പ് കഫീൻ അകത്തുചെല്ലുന്നതും ഉറക്കത്തെ ബാധിക്കാം. കാപ്പിയിലാണ് കാര്യമായും കഫീൻ അടങ്ങിയിട്ടുള്ളത്. എന്നാല്‍ കാപ്പി മാത്രമല്ല ചായ, ചില ചോക്ലേറ്റ്സ്, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയും കഫീൻ അടങ്ങിയിട്ടുള്ളതാണ്. ഇവയും ഉറക്കത്തെ പ്രശ്നത്തിലാക്കാം. അഞ്ച്...രാത്രിയില്‍ മദ്യപിക്കുന്നതും ഉറക്കത്തെ ബാധിക്കാം. മദ്യപിച്ചാല്‍ നന്നായി ഉറങ്ങാമെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാലിത് തെറ്റാണ്. മദ്യപിച്ച് ബോധം നഷ്ടപ്പെടുന്നതും, നാം സുഖകരമായി ഉറങ്ങുന്നതും രണ്ട് രീതിയിലാണ് ശരീരം ഉള്‍ക്കൊള്ളുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?