കുവൈത്ത് സിറ്റി: അമീറിനെ അധിക്ഷേപിക്കൽ, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, അറ്റോർണി ജനറലിനെ അവഹേളിക്കൽ തുടങ്ങിയ കേസുകളിൽ മുൻ പാർലമെന്റ് അംഗം മുഹമ്മദ് അൽ മുതൈറിന് വിചാരണക്കോടതി വിധിച്ച തടവുശിക്ഷ കുവൈത്ത് അപ്പീൽ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് ചേംബർ ശരിവെച്ചു. ഇതോടെ വിവിധ കേസുകളിലായി എട്ട് വർഷത്തെ തടവുശിക്ഷയാണ് ഇയാൾ അനുഭവിക്കേണ്ടി വരിക.അമീറിന്റെ അവകാശങ്ങളെയും അധികാരങ്ങളെയും ചോദ്യം ചെയ്യൽ, അമീറിന്റെ പേരിൽ അനുമതിയില്ലാതെ പ്രസ്താവനകൾ പ്രചരിപ്പിക്കൽ, പൊതുമര്യാദ ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് അഞ്ച് വർഷത്തെ കഠിനതടവാണ് കോടതി ശരിവെച്ചത്.
കൂടാതെ, സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റിനെയും അംഗങ്ങളെയും പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങളെയും അവഹേളിക്കൽ, ന്യായാധിപന്മാരെ സ്വാധീനിക്കാൻ ശ്രമിക്കൽ, സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യൽ എന്നീ ഗുരുതര ആരോപണങ്ങളും ഇയാൾക്കെതിരായ കേസിൽ ഉൾപ്പെടുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും അറ്റോർണി ജനറലിനെ അധിക്ഷേപിച്ചതിനും മറ്റൊരു കേസിൽ വിധിച്ച മൂന്ന് വർഷത്തെ കഠിനതടവും അപ്പീൽ കോടതി ശരിവെച്ചിട്ടുണ്ട്. വിചാരണക്കോടതിയുടെ മുൻ ഉത്തരവുകൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് അപ്പീൽ കോടതിയുടെ ഈ വിധി പ്രസ്താവം.



