കുവൈറ്റ് സിറ്റി: കുവൈറ്റ് ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്തിന് നേരെ വന്ന 212 ബാലിസ്റ്റിക് മിസൈലുകളെയും 394 ഡ്രോണുകളെയും സൈന്യം തടയുകയും തകർക്കുകയും ചെയ്തതായി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനുമായി പോരാടി ജീവൻ ബലിനൽകിയ കുവൈറ്റിലെ ധീരരായ രക്തസാക്ഷികൾക്ക് മന്ത്രാലയം ആദരമർപ്പിച്ചു. അവരുടെ ത്യാഗത്തെ രാജ്യം അഭിമാനത്തോടെ സ്മരിക്കുന്നതായി വക്താവ് കേണൽ സൗദ് അൽ-അത്വൻ പറഞ്ഞു.
കുവൈറ്റ് സായുധ സേന നിലവിൽ ഓപ്പറേഷൻ മേഖലകളിൽ സജീവമാണെന്നും രാജ്യത്തിന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ പരാജയമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണം തുടങ്ങിയത് മുതൽ ഉത്തരവാദിത്തത്തോടും വിശ്വസ്തതയോടും കൂടി ജോലി ചെയ്യുന്ന സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരെയും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മന്ത്രാലയം അഭിനന്ദിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിൽ കുവൈറ്റിലെ ജനങ്ങൾ കാണിക്കുന്ന ഒരുമയും കഠിനാധ്വാനവും ഈ പ്രതിസന്ധി ഘട്ടത്തിൽ വലിയ കരുത്താണെന്ന് വക്താവ് കൂട്ടിച്ചേർത്തു. അതിക്രമങ്ങൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും സുരക്ഷാ നടപടികൾ കൂടുതൽ കർശനമായി തുടരുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.


