കുവൈത്ത് സിറ്റി, സെപ്റ്റംബർ 12: കുവൈത്തിലെ കബ്ദ് മേഖലയിൽ കാർഷിക ആവശ്യങ്ങൾക്കായി അനുവദിച്ച ഫാം അനധികൃതമായി ഭക്ഷ്യ-ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനുമായി ഉപയോഗിച്ച കേസിൽ അഞ്ച് പേരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു റെയ്ഡ്. പരിശോധനയിൽ പേപ്പർ, സുഗന്ധമുള്ള ടിഷ്യൂകൾ, പേപ്പർ കപ്പുകൾ, ലേബലുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിച്ച യന്ത്രങ്ങളും ഉപകരണങ്ങളും കണ്ടെത്തി. കൂടാതെ വിവിധ ഭക്ഷ്യവസ്തുക്കൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, പാക്കേജിംഗ് സാമഗ്രികൾ എന്നിവയും പിടിച്ചെടുത്തു.
പിടിച്ചെടുത്ത സാധനങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ ഏകോപനത്തോടെ നശിപ്പിച്ചു. അറസ്റ്റിലായ അഞ്ച് പേരെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.അനുവദിച്ച ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതായി തെളിയുന്ന ഫാമുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.



