കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരത്വം റദ്ദാക്കപ്പെട്ടവർക്ക് 10 വർഷം വരെയുള്ള സാധാരണ ഇഖാമ അനുവദിക്കാൻ തത്വത്തിൽ അനുമതി നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച 2026-ലെ 1410-ാം നമ്പർ മന്ത്രാലയ തീരുമാനം ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽ-യൗമിൽ’ പ്രസിദ്ധീകരിച്ചു. വിദേശികളുടെ ഇഖാമ നിയമവുമായി ബന്ധപ്പെട്ട 2025-ലെ 2249-ാം നമ്പർ എക്സിക്യൂട്ടീവ് റെഗുലേഷൻസിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
നിയമത്തിൽ പുതുതായി ഉൾപ്പെടുത്തിയ ‘ആർട്ടിക്കിൾ 7 ബിസ്’ (7 bis) പ്രകാരമാണ് ഈ ആനുകൂല്യം ലഭിക്കുക. 1959-ലെ 15-ാം നമ്പർ അമീരി ഉത്തരവിലെ ആർട്ടിക്കിൾ 13-ന്റെ നാലാം ഖണ്ഡിക അനുസരിച്ച് പൗരത്വം റദ്ദാക്കപ്പെട്ടവർക്കും, ആശ്രിതത്വ നിയമങ്ങൾ വഴി ഇവർക്കൊപ്പം പൗരത്വം ലഭിച്ച് പിന്നീട് റദ്ദാക്കപ്പെടുകയും ചെയ്ത വ്യക്തികൾക്കാണ് ഈ ഇഖാമയ്ക്ക് അർഹതയുള്ളത്. തങ്ങളുടെ പഴയ വിദേശ പൗരത്വത്തിലേക്ക് മടങ്ങുകയോ, പുതിയതൊന്ന് കരസ്ഥമാക്കുകയോ ചെയ്തവർക്ക് 10 വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് സാധാരണ താമസരേഖ അനുവദിക്കും.
ഇത്തരം ഇഖാമകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും തീരുമാനിക്കാൻ റെസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വകുപ്പ് നിശ്ചയിക്കുന്ന സുരക്ഷാ-തൊഴിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി ഇവർക്ക് കുവൈറ്റിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി നൽകാനും പുതിയ ഉത്തരവ് അധികാരം നൽകുന്നു.



