കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജാബർ ഹോസ്പിറ്റലിലെ ഓർഗൻ ട്രാൻസ്പ്ലാൻറ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. സജ സർസൂറാണ് കുട്ടികൾക്കായുള്ള വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ഈ വർഷം ആരംഭിക്കുമെന്ന് അറിയിച്ചത്. നാല് മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ വിജയകരമായി മൂന്ന് ശസ്ത്രക്രിയകൾ പ്രത്യേക മെഡിക്കൽ സംഘം ഇതിനോടകം പൂർത്തിയാക്കിയതായും അവർ വ്യക്തമാക്കി.
2026-ന്റെ തുടക്കം മുതൽ ഇതുവരെ ജീവിച്ചിരിക്കുന്നവരിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്നുമായി ഏകദേശം 99 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ഓർഗൻ ട്രാൻസ്പ്ലാൻറ് വകുപ്പ് നടത്തിക്കഴിഞ്ഞു. നിലവിലെ ശസ്ത്രക്രിയകളുടെ വേഗത തുടരുകയാണെങ്കിൽ, കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ സർവ്വകാല റെക്കോർഡായ 149 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ എന്ന നേടം ഈ വർഷം മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, വൃക്ക മാറ്റിവെക്കലിനായി കാത്തിരിക്കുന്നവരുടെ പട്ടികയിൽ ഏകദേശം 709 രോഗികളാണുള്ളത്. ഇതിൽ 329 കേസുകൾ ശസ്ത്രക്രിയയ്ക്ക് പൂർണ്ണമായും സജ്ജരായി ദാതാവിനെ കാത്തിരിക്കുന്നവരാണ്. ബാക്കി കേസുകളിലുള്ളവർക്ക് അവരുടെ വിവരങ്ങൾ പുതുക്കേണ്ടതുണ്ടെന്നും ഡോ. സജ സർസൂർ വ്യക്തമാക്കി.



