കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലിറിക്ക നിർമ്മാണ-വിതരണ ശൃംഖല തകർത്ത ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥരെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് ആദരിച്ചു. അമീറിന്റെ പൂർണ്ണ പിന്തുണ ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും വലിയൊരു കരുത്താണെന്നും, ലഹരി കടത്തുകാർക്കും കുറ്റവാളികൾക്കുമെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ ഇത് പ്രചോദനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച നടന്ന ചടങ്ങിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിലും പ്രതികളെ പിടികൂടുന്നതിലും മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് ആഭ്യന്തര മന്ത്രി പ്രോത്സാഹന ബഹുമതികൾ സമ്മാനിച്ചു. ഉദ്യോഗസ്ഥരുടെ ജാഗ്രതയെയും മികച്ച സുരക്ഷാ പ്രവർത്തനങ്ങളെയും പ്രശംസിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു.



