കുവൈത്ത്സിറ്റി: നുവൈസീബ് അതിർത്തി ചെക്ക് പോയിന്റ് വഴി രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 43.5 കിലോഗ്രാം ചവയ്ക്കുന്ന പുകയില ഉൽപ്പന്നങ്ങൾ കുവൈറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഭവത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടു.
രാജ്യത്തേക്ക് പ്രവേശിക്കുകയായിരുന്ന വാഹനം സംശയത്തെ തുടർന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. വാഹനത്തിന്റെ പിൻവശത്തെ പാനലിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 61 ബാഗുകളിലായാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടുകയും ഔദ്യോഗിക മഹസ്സർ തയ്യാറാക്കുകയും ചെയ്തു. ആവശ്യമായ കസ്റ്റംസ്-നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ഡ്രൈവറെയും പിടിച്ചെടുത്ത പുകയിലയും ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് കൈമാറും. കര അതിർത്തി ചെക്ക് പോയിന്റുകളിൽ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കസ്റ്റംസ് അറിയിച്ചു. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



