കുവൈത്ത് സിറ്റി: സാൽമിയയിൽ രാസലഹരിമരുന്നായ ക്രിസ്റ്റൽ മെത്ത് അടങ്ങിയ 37 പാക്കറ്റുകളുമായി രണ്ട് ശ്രീലങ്കൻ സ്വദേശികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഓപ്പറേഷൻസ് ആൻഡ് പട്രോൾസ് വിഭാഗം മേഖലയിൽ നടത്തിയ പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. മേഖലയിലെ ഒരു തുറസ്സായ സ്ഥലത്ത് പ്രതികൾ മണ്ണ് തുരക്കുന്നത് പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
സംശയം തോന്നി പോലീസ് ഉദ്യോഗസ്ഥർ അടുത്തേക്ക് വന്നതോടെ പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് തന്ത്രപരമായി പിന്തുടർന്ന് കീഴടക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവരിൽ നിന്ന് 37 പാക്കറ്റ് ലഹരിമരുന്ന് കണ്ടെടുത്തത്. ആദ്യത്തെയാളിൽ നിന്ന് 27 പാക്കറ്റുകളും രണ്ടാമനിൽ നിന്ന് 10 പാക്കറ്റുകളുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളും പ്രതികളെയും ഉപരിനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



