കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാർക്കും അവരെ പരിചരിക്കുന്നവർക്കും കൂടുതൽ വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി 10 പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ‘സഹൽ’ (Sahl) ആപ്ലിക്കേഷനിൽ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്സ് അറിയിച്ചു. ഭിന്നശേഷിക്കാർക്കും പരിചാരകർക്കും ജോലി സമയം കുറയ്ക്കുന്നതിനുള്ള അപേക്ഷ, തൊഴിലുടമകൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഉള്ള സർട്ടിഫിക്കറ്റുകൾ, ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകൾ, കെയർഗിവർ സർട്ടിഫിക്കറ്റുകൾ എന്നിവ ലഭ്യമാക്കുന്നത് പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നു.
മെഡിക്കൽ, സൈക്കോളജിക്കൽ ആൻഡ് സോഷ്യൽ സർവീസസ് സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഖലീഫ അൽ-ഹിലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കൽ കമ്മിറ്റികളിൽ അപ്പോയിന്റ്മെന്റ് എടുക്കൽ, ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകൾ പുതുക്കൽ, ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ അപേക്ഷ, ശ്രവണസഹായികൾക്കും വീൽച്ചെയറുകൾക്കുമുള്ള അപേക്ഷ, വിരലടയാള ഇളവ് നേടൽ, വാഹനങ്ങളുടെ പ്രത്യേക നമ്പർ പ്ലേറ്റുകൾക്കായുള്ള അപേക്ഷകൾ സമർപ്പിക്കൽ തുടങ്ങിയ സേവനങ്ങളും ഇതിലൂടെ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെയും ഗുണഭോക്താക്കൾക്ക് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ സംവിധാനമെന്ന് അധികൃതർ വ്യക്തമാക്കി.



