കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളിലും യൂണിയനുകളിലും ജോലി ചെയ്യുന്ന 67 വയസ്സിന് മുകളിൽ പ്രായമുള്ള ജീവനക്കാരെ കണ്ടെത്തി അവരുടെ സേവനം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കുവൈത്ത് സാമൂഹികക്ഷേമ മന്ത്രാലയം നിർദ്ദേശം നൽകി. നിലവിലുള്ള നിയമങ്ങൾ, ചട്ടങ്ങൾ, തീരുമാനങ്ങൾ എന്നിവയ്ക്ക് വിധേയമായായിരിക്കണം നടപടിയെന്ന് വ്യക്തമാക്കിയ മന്ത്രാലയം, ഒഴിവാക്കപ്പെടുന്ന ജീവനക്കാർക്ക് അർഹമായ എല്ലാ സാമ്പത്തികവും തൊഴിൽപരവുമായ ആനുകൂല്യങ്ങളും പൂർണ്ണമായി നൽകണമെന്ന് വ്യക്തമാക്കി.
ഈ മാർഗ്ഗനിർദ്ദേശം എല്ലാ സഹകരണ സംഘങ്ങളെയും അറിയിക്കാനും, നിർദ്ദേശം നടപ്പിലാക്കിയതിന്റെ തെളിവുകളും പ്രസ്തുത തീരുമാനത്തിന്റെ പരിധിയിൽ വരുന്ന ജീവനക്കാരുടെ പട്ടികയും 30 ദിവസത്തിനകം സമർപ്പിക്കാനും യൂണിയൻ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസിനോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
സഹകരണ മേഖലയിലെ തൊഴിൽ ശക്തിയെ ചിട്ടപ്പെടുത്തുന്നതിനും, തദ്ദേശീയർക്ക് തൊഴിൽ നൽകുന്ന പ്രക്രിയ (സ്വദേശിവൽക്കരണം) വേഗത്തിലാക്കുന്നതിനും ഇത് ഉപകരിക്കും. ‘കുവൈത്ത് വിഷൻ 2035’ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, യോഗ്യരായ കുവൈത്തി യുവാക്കൾക്ക് ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.



